Site icon Janayugom Online

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ടില്‍ ചോയ് ജി ഹൂണിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം അടുത്ത റൗണ്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ 14–21, 21–16, 21–18 എന്ന സ്‌കോറിനാണ് ചോയിയെ പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഷെസര്‍ ഹിരെന്‍ റുസ്താവിറ്റോയെ സെന്‍ നേരിടും. നേരത്തെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് 20 കാരന്‍ കഴിഞ്ഞ മാസം ചരിത്രം സൃഷ്ടിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ലക്ഷ്യ സെന്‍. പ്രകാശ് നാഥ്, പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപിചന്ദ്, സൈന നെഹ്വാള്‍ എന്നിവരാണ് ഫൈനലില്‍ എത്തിയ മറ്റ് താരങ്ങള്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഇതിനുശേഷം ജനുവരിയില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ കിരീടം നേടിയ ലക്ഷ്യ ജര്‍മന്‍ ഓപ്പണിന്റെ ഫൈനലില്‍ എത്തിയത്. ലക്ഷ്യയ്ക്ക് കൊറിയ ഓപ്പണ്‍ ടൈറ്റില്‍ പിടിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് അറിയേണ്ടത്.

Eng­lish Summary:Korea Open Bad­minton Tour­na­ment; Lak­shya Sen in the sec­ond round
You may also like this video

Exit mobile version