Site iconSite icon Janayugom Online

കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ലീ ഡാ-സോൾ അന്തരിച്ചു

പ്രശസ്ത ദക്ഷിണ കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ലീ ഡാ-സോൾ(29) അന്തരിച്ചു. ‘ഡാഡോവ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള ലീയുടെ മരണം ഡിസംബർ 16നായിരുന്നു സംഭവിച്ചത്. ക്രിസ്മസ് ദിനത്തിൽ ലീയുടെ ഏജൻസിയായ ലെഫെറി ബ്യൂട്ടി എന്റർടെയ്ൻമെന്റ് ആണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2014ൽ ഫാഷൻ, മേക്കപ്പ് വിഡിയോകളിലൂടെയാണ് ലീ ശ്രദ്ധേയയായത്. യൂട്യൂബിൽ മാത്രം 12 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ലീ, ദക്ഷിണ കൊറിയൻ സൗന്ദര്യ സംസ്കാരം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോ, 2015ലെ ‘ടോപ്പ് ബ്യൂട്ടി ക്രിയേറ്റർ’ ആയി ലീയെ തിരഞ്ഞെടുത്തിരുന്നു. ചൈനീസ് ഓൺലൈൻ വിപണിയായ താവോബാവോയിൽ സ്വന്തമായി ‘കെ-ബ്യൂട്ടി സ്റ്റോർ’ ആരംഭിച്ച ആദ്യ കൊറിയൻ ഇൻഫ്ലുവൻസർ കൂടിയാണ് ലീ. തിരക്കേറിയ കരിയർ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. പ്രിയ താരത്തിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ അനുശോചനം രേഖപ്പെടുത്തി.

Exit mobile version