Site iconSite icon Janayugom Online

കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ ; നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ നീലേശ്വരം കോട്ടപ്പുറത്ത് ഒരുങ്ങുന്ന വഞ്ചി വീട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. ഓടുപാകി മനോഹരമാക്കിയ മേല്‍ കൂരയോട് കൂടി തലയെടുപ്പോടെ നില്‍ക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനല്‍. ടെര്‍മിനലിനോട് അനുബന്ധിച്ച് നാലര മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച നടപ്പാത. നടപ്പാതയില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ വ്യൂ പോയിന്റുകളും കരിങ്കല്‍ ബെഞ്ചുകളും. വിനോദസഞ്ചാര വകുപ്പിന്റെ ധന സഹായത്തോടെ ഉള്‍നാടന്‍ ജല ഗതാഗത വകുപ്പാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഒരേസമയം നാല് വഞ്ചിവീടുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത് ടൂറിസ്റ്റുകളെ കയറ്റാന്‍ കഴിയും. 2001ല്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായാണ് ക്രൂയിസ് ആരംഭിച്ചത്. എന്നാല്‍ 2022 ആകുമ്പോഴേക്കും അത് 30 ഓളം ഹൗസ് ബോട്ടുകളായി മാറി. നീലേശ്വരത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്. 132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിന്റെ നിര്‍മ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്‌ജെട്ടികള്‍ ഇവിടെയുണ്ട്. നിലത്ത് കരിങ്കല്‍ ടൈല്‍ പാകി ഇന്റര്‍ലോക് ചെയ്തിട്ടുണ്ട്. ജെട്ടിയിലും നടപ്പാതയിലും സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടെര്‍മിനലിലേക്കു പ്രവേശിക്കാന്‍ 2 വഴികളുണ്ട്. രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രധാന റോഡിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. കോട്ടപ്പുറം പാലത്തില്‍ നിന്ന് ഇറങ്ങി വരുന്ന വഴിയിലും ഇന്റര്‍ ലോക്, സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കായല്‍ ടൂറിസം അനുദിനം വളര്‍ന്ന് വരുമ്പോള്‍ ഉത്തര മലബാറിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കോട്ടപ്പുറം മാറും.

Exit mobile version