കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റു മരിച്ചത്. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോ.വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് വന്ദന മരിക്കുന്നത്. പൊലീസുകാരടക്കം സന്ദീപിന്‍റെ കുത്തേറ്റ 5 പേർ ചികിത്സയിലാണ്.
ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.
english summary;Kottarakkara Hospital’s new block will be named after Vandana: Minister Veena George
you may also like this video;