Site iconSite icon Janayugom Online

രാജ്യത്തെ ചൂടു കൂടിയ നഗരം; ചുട്ടുപൊള്ളി കൊട്ടയം

രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം. കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഞായറാഴ്ച രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. 37 ഡിഗ്രിക്കും മേലെയായിരുന്നു കോട്ടയത്തെ താപനില. മൂന്നു മാസത്തോളം നിറുത്താതെ പെയ്ത മഴയ്ക്കും ഉരുൾപൊട്ടലിനും ശേഷം അസഹനീയമായ ചൂടാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

നേരത്തെ വേനൽക്കാലം മാർച്ച്, ഏപ്രില്‍ മാസങ്ങളിലാണ് അനുഭവപ്പെട്ടിരുന്നത്. ഇക്കുറി ജനുവരി മുതലേ കടുത്ത ചൂട് ആരംഭിച്ചു. ഏതാനും ദിവസങ്ങളായി രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ചൂടേറിയ നഗരമായി കോട്ടയം മാറി.

കുടയില്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ഏതാനും ദിവസങ്ങളായി ഇതാണ് സ്ഥിതി. കാറ്റിന്റെ കുറവാണ് ജില്ലയിൽ ചൂട് ക്രമാതീതമായി ഉയരാൻ കാരണം. ഇതോടെ, പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ ജനങ്ങൾ മടിക്കുകയാണ്.

ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച രാത്രി ജില്ലയിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ പകൽച്ചൂടിന് ഇത് പരിഹാരമായില്ലെന്നാണ് സൂചന. ഇപ്പോൾ തന്നെ ജില്ലയിലെ കിഴക്കൻ മേഖലകളിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കടുത്ത വരൾച്ചയിലേയ്ക്ക് പോകാനുള്ള സാധ്യതയും വിദഗ്ധർ തള്ളുന്നില്ല.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളേക്കാൾ ഉയർന്ന അളവിലുള്ള ചൂടാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള താപനിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളിൽ നിന്നും ലഭിക്കുന്നത്.

കോട്ടയം-37.3 ഡിഗ്രി സെൽഷ്യസ്,നന്ദ്യാൽ (ആന്ധ്രപ്രദേശ്)-37.2,അഹമ്മദ്നഗർ (മഹാരാഷ്ട്ര)- 37.2,ഭദ്രാചലം (തെലങ്കാന)- 36.8,കർണൂർ (ആന്ധ്രപ്രദേശ്)- 36.6,പുനലൂർ‑36.5,അകോല(മഹാരാഷ്ട്ര)-36.5,മാലേഗാവ് (മഹാരാഷ്ട്ര)- 36.4,സോലാപുർ(മഹാരാഷ്ട്ര)- 36.4, നദീഗാം(ആന്ധ്രപ്രദേശ്)- 36.4 തുടങ്ങിയവയാണ് രാജ്യത്തെ ചൂട് കൂടിയ പത്ത് നഗരങ്ങള്‍.

eng­lish sum­ma­ry; kot­tayam is the hottest city in the country

you may also like this video;

Exit mobile version