നവകേരള സദസിന് വന്‍വരവേല്പ് നല്‍കി കോട്ടയം. ഒമ്പത് മണ്ഡലങ്ങളിൽ 14 വരെ മൂന്ന് ദിവസങ്ങളിലായാണ് നവകേരള സദസ്.
ആദ്യ സദസ് പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്ത് നടന്നു. സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരളസദസിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. പന്തൽ നിറഞ്ഞു കവിഞ്ഞ് അക്ഷരാർത്ഥത്തിൽ ജനസാഗരമായി. പ്രതീക്ഷിച്ചതിലും രണ്ടു മണിക്കൂർ വൈകിയിട്ടും പ്രതികൂല കാലാവസ്ഥയിലും തങ്ങളുടെ മന്ത്രിമാരെ കാണാനും അവരെ കേൾക്കാനും കാത്തിരുന്ന പൊതു ജനം ഇടതു പക്ഷ സർക്കാരിനുള്ള പിന്തുണ അരക്കിട്ടുറപ്പിച്ചു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സദസ് പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും പാലാ നിയോജകമണ്ഡലത്തിലേത് വൈകിട്ട് അഞ്ചിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും നടന്നു. രണ്ടാം ദിനമായ ഇന്ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽനിന്നുള്ള 200 പ്രതിനിധികള്‍ പങ്കെടുക്കും. തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിലെ ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് രാവിലെ 10നാണ് സദസ്.
ഉച്ചകഴിഞ്ഞ് രണ്ടിന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലാണ് പുതുപ്പള്ളി മണ്ഡലത്തിലെ പരിപാടി. വൈകിട്ട് നാലിന് ചങ്ങനാശേരി മണ്ഡലത്തിലെ സദസ് എസ്ബി കോളജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം നിയോജകമണ്ഡലത്തിലെ സദസ് തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയില്‍ അവസാന കേന്ദ്രമായ പീരുമേട്ടിലെ നവകേരള സദസ് പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയം ജില്ലയിലെത്തിയത്. പീരുമേട് മണ്ഡലത്തില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നവകേരളസദസില്‍ ജനസഹസ്രങ്ങളാണ് പങ്കെടുത്തത്.
English Summary; Kottayam welcomed the Left government
You may also like this video