Site iconSite icon Janayugom Online

കോവളം ബൈക്ക് അപകടം; ബൈക്ക് റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

ഇന്നലെ കോവളം ബൈപ്പാസില്‍ രണ്ട് പേര്‍ മരിക്കാനിടയായ ബൈക്ക് അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തിന് കാരണം ബൈക്ക് റേസിങ്ങാണെന്ന നാട്ടുകാരുടെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്. റേസിങ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ബൈക്ക് ഇടിച്ച് മരിച്ച വഴിയാത്രക്കാരി ശ്രദ്ധയില്ലാതെയാണ് റോഡ് മുറിച്ചുകടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവളം ബൈപ്പാസിലെ തിരുവല്ലം ജങ്ഷന് സമീപത്ത് ഇന്നലെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന യുവാവും വഴിയാത്രക്കാരിയായ സന്ധ്യ എന്ന വീട്ടമ്മയും ആണ് മരിച്ചത്. മത്സരയോട്ടങ്ങള്‍ പതിവായ ഇവിെട ഇന്നലത്തെ അപകടത്തിനും കാരണം ബൈക്ക് റേസിങ്ങാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ സിസിടിവിയിലെങ്ങും അപകടത്തില്‍പെട്ട ബൈക്കും മറ്റു ബൈക്കുകളും തമ്മില്‍ മത്സരിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ ഒന്നാം കാരണമായി പറയുന്നത് ബൈക്കിന്റെ അമിതവേഗം തന്നെയാണ്.

നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലായിരുന്നു അരവിന്ദ് ബൈക്ക് ഓടിച്ചിരുന്നത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ തയാറാക്കാനായി കോവളത്തെത്തിയതായിരുന്നു അരവിന്ദ്. ദൃശ്യങ്ങളെടുത്ത ശേഷം സുഹൃത്തുക്കള്‍ മുന്‍പേ പോയപ്പോള്‍ അവര്‍ക്കൊപ്പമെത്താനായാണ് അമിതവേഗത്തില്‍ പാഞ്ഞത്.

Eng­lish Sum­ma­ry: kovalam bike acci­dent rto report
You may also like this video

Exit mobile version