Site icon Janayugom Online

കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളരുടെ കാര്യത്തില്‍ കോടതിയുടെ തീര്‍പ്പനുസരിച്ച് തീരുമാനമെടുക്കുക. അതിജീവിത ഉന്നയിച്ച ആവശ്യം ഗൗരവമായി ഉള്‍ക്കൊണ്ടാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ചട്ടപ്രകാരമുള്ള തുടര്‍ നടപടികള്‍ നടക്കുകയാണ്. ഇതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കും. കോടതി തീര്‍പ്പനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഐസിയുവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി പ്രതിയ്‌ക്കെതിരെ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ തലത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അങ്ങനെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെ മെഡിക്കല്‍ കോളേജ് തലത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ അതിജീവിത പരാതിപ്പെട്ടു. തിരിച്ചെടുത്ത നടപടി പിന്‍വലിക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അതിജീവിത മന്ത്രിയെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എട്ട് പേര്‍ വീഴ്ച വരുത്തിയതായി ഈ അന്വേഷണത്തില്‍ കണ്ടെത്തി. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് നടപടിയെടുത്തത്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുക എന്നത് മാത്രമാണ് ഇതില്‍ കണക്കിലെടുത്തത്. ആരുടേയും മുഖം നോക്കിയല്ല നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Kozhikode ICU rape case; Min­is­ter Veena George will ensure jus­tice for Atijeewa

You may also like this video

Exit mobile version