Site iconSite icon Janayugom Online

കോഴിക്കോട് കൊയിലാണ്ടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട് കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കൊയിലാണ്ടി അരിക്കുളത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. അരിക്കുളം നടുവിലടത്ത് മീത്തൽ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറാണിത്. കാനത്ത് മീത്തൽ ബിജുവിന്റെ വീടിനോട് ചേർന്ന കിണർ ഉഗ്ര ശബ്ദത്തോടെ ഇടിഞ്ഞു താഴുകയായിരുന്നു. രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ വീട് അപകട ഭീഷണിയിലാണ്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. നിലവിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് ആണുള്ളത്. കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. തൃശൂർ, കാസർഗോഡ്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു. നാളെയോടെ വടക്കൻ കേരളം – കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. നാളെ വരെ അതിശക്തമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഫെഞ്ചാൻ ചുഴലികാറ്റിൻ്റെ സ്വാധീന ഫലമായാണ് മഴ. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version