Site iconSite icon Janayugom Online

കോഴിക്കോട് മെഡിക്കൽ കോളജ് എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിക്ക് എൻഎബിഎൽ അംഗീകാരം

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിക്ക് ഐഎസ്ഒ 15189–2022 സ്റ്റാൻഡേർഡ്സ് പ്രകാരം എൻഎബിഎൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം. 2024 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അംഗീകാരം. മെഡിക്കൽ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ലബോറട്ടറിയിൽ രോഗികൾക്ക് ഒപി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച്ഐവി ടെസ്റ്റ് ചെയ്തു നൽകുന്നുണ്ട്. എച്ച്ഐവി പോസിറ്റീവായ രോഗികൾക്ക് തുടർചികിത്സക്ക് അനിവാര്യമായ സിഡി 4 ടെസ്റ്റിങ്ങും വൈറൽലോഡ് ടെസ്റ്റിങ്ങും സൗജന്യമാണ്. ഐഎസ്ഒ 15189–2022 നിലവാരത്തിലുള്ള എൻഎബിഎൽ അംഗീകാരമുള്ളതിനാൽ ഇവിടെനിന്ന് രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരമാകും. 

വിവിധ രോഗപരിശോധനക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്. നിപ ഉൾപ്പെടെയുള്ള വൈറസുകളെ കണ്ടെത്താനുള്ള റീജ്യണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആർഡിഎൽ) ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ 10 റീജ്യണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ ഒന്നാണിത്. ബിഎസ്എൽ ലെവൽ 3 ലാബ് നിർമാണത്തിലാണ്. പ്രിൻസിപ്പൽ ഡോ. സജിത്കുമാറിന്റെ ഏകോപനത്തിൽ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി എം അനിത, ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ പി ഇന്ദു, ക്വാളിറ്റി മാനേജർ ഡോ. കെ ഷീന, മെഡിക്കൽ ഓഫിസർമാരായ ഡോ. മായ സുധാകരൻ, ഡോ. മിനി, ഡോ. സി പി ഫൈറോസ്, ഡോ. ജയേഷ് ലാൽ, കൗൺസിലർമാരായ ദീപക് മോഹൻ, പി ലിജി, എം റസീന, ടെക്നീഷ്യന്മാരായ കെ ഇന്ദു, പി ബവിഷ, പി കെ സുജിന, ടി ടി രമ, സി സജ്ന എന്നിവരടങ്ങുന്നതാണ് ടീം.

Exit mobile version