കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്‌സിംഗ് ഓഫീസറെ ഒരു പ്രമുഖ സംഘടനാ നേതാവ് സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇതുസംബന്ധിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ലൈംഗികാതിക്രമം നടത്തിയ അറ്റന്റര്‍ക്കെതിരെ നഴ്‌സിംഗ് ഓഫീസര്‍ മൊഴി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളിലും അവഹേളിക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരപരാധികളായ ജീവനക്കാരെ സസ്പെന്റ് ചെയ്തിരിക്കുകയാണെന്നും ഇവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മയെന്ന പേരിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിൽ 20ാം വാർഡിന്റെ ചുമതലയുള്ള ഹെഡ് നഴ്സിനെ സസ്പെന്റ് ചെയ്യണമെന്നും ഇവരാണ് കുറ്റക്കാരിയെന്നും ആരോപിക്കുന്നു.
സംഭവത്തിൽ കേരള ഗവ. നഴ്സസ് യൂണിയൻ രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ നിലകൊണ്ട സീനിയർ നഴ്സിംഗ് അസിസ്റ്റന്റിനെതിരായ ഭീഷണിയിൽ പ്രതിഷേധിക്കണമെന്നാണ് നഴ്സുമാരുടെ സംഘടന പുറത്തുവിട്ട പോസ്റ്ററിൽ പറയുന്നത്. അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ആരെയും പിടികൂടാനായിട്ടില്ല. വെള്ളിയാഴ്ച രാത്രി അഞ്ചുപേരുടെയും വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഐസിയുവില്‍ യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ആശുപത്രിയിലെ ഗ്രേഡ് 1 അറ്റന്ററെ സസ്‌പെന്റ് ചെയ്തിരുന്നു. അറ്റന്റര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ സംഭവത്തില്‍ കേസില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനായി ആശുപത്രി ജീവനക്കാരായ ആറു പേര്‍ ചേര്‍ന്ന് ശ്രമം നടത്തിയെന്നും പീഡനത്തിന് വിധേയയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്നുമുളള പരാതിയില്‍ ആറ് ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരു താത്കാലിക ജീവനക്കാരിയെ പിരിച്ചു വിടുകയുമായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് മെഡി.കോളജ് പോലീസ് അറിയിച്ചു. ഇതിനിടക്കാണ് യൂണിയന്‍ നേതാവിനെതിരെ ഹെഡ് നഴ്‌സിന്റെ പരാതി. അതെ സമയം ലൈംഗികാതിക്രമത്തിന് വിധേയയായ യുവതി ഇന്നലെ ആശുപത്രി വിട്ടു.
English Summary;Kozhikode Medical College Persecution; Threats to nursing officer who favored survivor
You may also like this video