ഷാർജയിൽ നിന്നും കാണാതായ കോഴിക്കോട് പയ്യോളി സ്വദേശിയെ മൈസൂരിൽ കണ്ടെത്തി. പയ്യോളി കീഴുർ ഐശ്വര്യയിൽ പ്രദീഷിനെയാണ് മൈസൂരിൽ വച്ച് പൊലീസ് കണ്ടെത്തിയത്.
കുടുംബത്തോടൊപ്പമായിരുന്നു പ്രദീഷ് ഷാർജയിൽ താമസിച്ചിരുന്നത്. എന്നാൽ ഈ മാസം 22ന് ഭാര്യ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പ്രദീഷിനെ താമസസ്ഥലത്ത് കണ്ടില്ല. നാട്ടിലേക്ക് മടങ്ങിയെന്ന് മനസിലാക്കിയതോടെ ഭാര്യ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് വീട്ടുകാർ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 22 ന് രാത്രി 8.25 ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പ്രദീഷ് എത്തിയതായി സ്ഥിരീകരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് എത്താതെ പ്രദീഷ് നേരെ പോയത് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലേക്കായിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി പതിനൊന്നോടെ മൈസൂരിലേക്കുള്ള ബസിൽ കയറുന്നതായും കണ്ടെത്തി. ഇതോടെ വയനാടും മൈസൂരും കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് 23 ന് മൈസൂര്‍ സെൻട്രൽ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. പിന്നാലെ ബന്ധുക്കളും പൊലീസും മൈസൂരിലെത്തി പ്രദീഷിനെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാന്റ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സിസിടിവിയിൽ വ്യക്തമായിരുന്നു. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷിന്റെ കുടുംബവും ആശങ്കയിലായിരുന്നു. ഇതേത്തുടർന്നാണ് പ്രദീഷിന്റെ അച്ഛൻ രാമകൃഷ്ണൻ കരിപ്പൂർ, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു, എസ് ഐ കെ ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്തുകൊണ്ടാണ് പ്രദീഷ് വീട്ടിലെത്താതെ മൈസൂരിലേക്ക് കടന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: Kozhikode native missing from Sharjah in Mysore
You may like this video also