നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ് ബുക്ക് കമന്റിട്ട അധ്യാപികയിൽ നിന്ന് വിശദീകരണം തേടി വിവാദം തണുപ്പിക്കാൻ എൻഐടി അധികൃതർ. ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സേയിൽ അഭിമാനിക്കുന്നു’ എന്ന് കമന്റിട്ട പ്രൊഫ. ഷൈജ ആണ്ടവനിൽ നിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയെന്ന് എൻഐടി ഡയറക്ടറുടെ വിശദീകരണം. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡയറക്ടർ വ്യക്തമാക്കി.
ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അഭിഭാഷകനായ കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻഐടി പ്രൊഫ. ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും നിലപാട് തിരുത്താൻ തയ്യാറായില്ല. ഒരു പുസ്തകം വായിച്ചതിൽ നിന്നുള്ള അഭിപ്രായമാണ് താൻ പങ്കുവെച്ചതെന്നാണ് ഇവരുടെ വാദം.സംഭവത്തിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിട്ടുണ്ട്.
എൻഐടി അധികൃതരുടെ സംഘപരിവാർ നിലപാടുകൾ നേരത്തെ തന്നെ വലിയ തോതിൽ വിവാദമായിരുന്നു. അടുത്തിടെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആഘോഷം സംഘടിപ്പിച്ച സംഘപരിവാർ ഗ്രൂപ്പിനെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യാനാണ് എൻഐടി അധികൃതർ തീരുമാനിച്ചത്. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഈ നടപടി താത്ക്കാലികമായി പിൻവലിച്ചിരുന്നു.
English Summary: Kozhikode NIT professor’s comment
You may also like this video