Site iconSite icon Janayugom Online

കോഴിക്കോട് റയിൽവേ ലോക്കോ പൈലറ്റ് ഡിപ്പോ അടച്ചുപൂട്ടാൻ നീക്കം

ജീവനക്കാരെ സ്ഥലംമാറ്റിയും ഒഴിവുകൾ നികത്താതെയും കോഴിക്കോട് റയിൽവേ ലോക്കോ പൈലറ്റ് ഡിപ്പോ അടച്ചുപൂട്ടാൻ പാലക്കാട് ഡിവിഷണൽ അധികൃതർ നീക്കം നടത്തുന്നതായി ആരോപണം. ജീവനക്കാരെ കുറയ്ക്കൽ നടപടിയുടെ ഭാഗമായി പാലക്കാട് ഡിവിഷണൽ അധികൃതർ മനഃപൂർവ്വം ട്രാൻസ്ഫർ ഉൾപ്പെടെയുള്ള നടപടികളിലേക്കാണ് കടന്നിരിക്കുന്നത്. മലബാർ മേഖലയിലെ ജീവനക്കാർക്ക് ഏക ആശ്രയമായ കോഴിക്കോട് സ്റ്റേഷനിലെ ഡിപ്പോയെ ഘട്ടം ഘട്ടമായാണ് ഇല്ലാതാക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കലെന്നാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പരാതിപ്പെടുന്നത്.

ഡിപ്പോ നിലനിന്നാൽ മാത്രമേ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടേക്ക് എത്തുകയുള്ളൂ. എകദേശം 140 ലോക്കോ പൈലറ്റുമാർ ഇതിന് കീഴിലുണ്ട്. നിലവിൽ വിവിധ ഡിപ്പോകളിൽ നിന്നും മുപ്പതോളം ലോക്കോ പൈലറ്റുമാർ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കാത്ത് നിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഏഴ് പോസ്റ്റുകൾ ഷൊർണൂരിലേക്ക് മാറ്റിയത്. മാത്രമല്ല ഈ പോസ്റ്റിലേക്ക് കോഴിക്കോട് നിന്ന് ജീവനക്കാരെ മാറ്റാൻ ഉത്തരവിറക്കുകയും ചെയ്തു.

സൗത്ത് സോണിലെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജരുടെ ഉത്തരവ് മറികടന്നാണ് ഈ നീക്കം. കോഴിക്കോട്ടുണ്ടായിരുന്ന 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി കുറക്കുകയും ഇവിടെയുള്ള ലോക്കോ സൂപ്പർവൈസർമാരുടെ ഒഴിവുകൾ നികത്തുകയും ചെയ്യുന്നില്ല. മൂന്ന് മാസമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തിടെ ഷൊർണൂരിലും മംഗലാപുരത്തുമടക്കം ലോക്കോ സൂപ്പർവൈസർമാരെ നിയമിച്ചെങ്കിലും അവിടെയും കോഴിക്കോടിനെ അവഗണിച്ചു.

സതേൺ റയിൽവേയുടെ ആസ്ഥാനമായ മദ്രാസിൽനിന്നുള്ള ഉത്തരവുപ്രകാരം ഇത്തരത്തിലുള്ള നീക്കങ്ങൾ ഇല്ലെങ്കിലും പാലക്കാട് ഡിവിഷൻ അധികാരികൾ ഡിപ്പോ അടച്ചു പൂട്ടാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ട് നീങ്ങുന്നത്. അതോടൊപ്പം മലബാറിലെ ചരക്കുഗതാഗതവും എടുത്തു മാറ്റുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. മലബാർ മേഖലയിലെ ജീവനക്കാർക്ക് ഏക ആശ്രയമായ കോഴിക്കോട് ഡിപ്പോയെ ഘട്ടംഘട്ടമായി ഇല്ലാതാക്കി വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് ജീവനക്കാരുടെ തീരുമാനം.

Eng­lish summary;Kozhikode Rail­way Loco Pilot Depot

You may also like this video;

Exit mobile version