Site iconSite icon Janayugom Online

കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്ത മഴ

rainrain

കഴിഞ്ഞ മാസം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയിൽ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. ഇന്നലെ പുലർച്ചെയോടെയാണ് മേഖലയിൽ ഭീതി പടർത്തി അതിശക്തമായ മഴ പെയ്തത്.
സുരക്ഷാ ഭീഷണി ഉള്ളതിനാൽ പ്രദേശത്തെ ആറു കുടുംബങ്ങളിലുള്ള 30 ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. പുലർച്ചെ മൂന്നുമണി മുതൽ തുടങ്ങിയ കനത്തമഴയിൽ പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി പുഴയിലെ ഒഴുക്ക് തടസപ്പെട്ടതാണ് ടൗണിൽ വെള്ളം കയറാൻ കാരണമായതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. 

പ്രദേശത്തോട് ചേർന്നുള്ള വനമേഖലയിലും അതിശക്തമായ മഴയാണ് ഇന്നലെ പുലർച്ചെ മുതൽ പെയ്തിരുന്നത്. ഇതോടെയാണ് കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായപ്പോൾ മേഖലയിൽ മാറ്റി താമസിപ്പിച്ചവരെ അടക്കമുള്ള കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ജൂലൈ 29ന് രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ 24 കുടുംബങ്ങളുടെ വീടുകൾ അന്ന് പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതാവുകയും പ്രദേശത്തെ നാല് കടകൾ അന്ന് നശിക്കുകയും ചെയ്തിരുന്നു. 

അതേസമയം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 29, 30 തീയതികളിലായി കോഴിക്കോട്, വയനാട് ജില്ലകളിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തും. സമിതി നാളെ രാവിലെ 8.30ന് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിച്ചശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് നാദാപുരം റസ്റ്റ് ഹൗസിൽ യോഗം ചേരും.

Exit mobile version