Site iconSite icon Janayugom Online

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന ( 38) ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുമ്പാണ് പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജിസ്നയെ മെഡിക്കൽ കോളെജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്തിഷ്ക ജ്വരമാണെന്ന് വ്യക്തമായി. ഇന്നലെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗർഭിണിയായിരുന്നു. ഒരാഴ്ച മുമ്പ് അബോർഷൻ ആയിപ്പോയി. കുറ്റിക്കാട്ടൂരിന് സമീപം ടൈലറിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ജിസ്ന. രോഗം പിടിപെട്ടത് എങ്ങിനെയാണ് വ്യക്തമായിട്ടില്ല. 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിസരത്തെ കിണറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്: സുഭാഷ് (പ്രിൻസ് ടൈലറിംഗ് കുറ്റിക്കാട്ടൂർ). മകൻ: ശ്രീസാരംഗ് (സേവിയോ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി). പിതാവ്: ജയരാജൻ, മാതാവ്: ശാരദ. സഹോദരങ്ങൾ: ശ്യാംജിത്ത്, ജിഷാദ്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഒരാഴ്ചക്കിടെയുള്ള രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരി 23 ന് രോഗം ബാധിച്ച് കാപ്പാട് സ്വദേശിനി മുക്കാടിക്കണ്ടി സഫ്ന (38) മരണപ്പെട്ടിരുന്നു. മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് ആഴ്ചയായി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു സഫ്ന. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Exit mobile version