Site iconSite icon Janayugom Online

കെപിഎസിയുടെ പുതിയ നാടകം ‘ഉമ്മാച്ചു’ നാളെ അരങ്ങില്‍

ummachuummachu

കെപിഎസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പില്‍ഭാസി ജന്‍മശതാബ്ദി ആഘോഷവും നാളെ (ചൊവ്വാഴ്ച) വടകര ടൗണ്‍ഹാളില്‍ നടക്കും. കെപിഎസിയുടെ അറുപത്തി ഏഴാമത് നാടകമായ ഉറൂബിന്റെ ‘ഉമ്മാച്ചു‘വിന്റെ അരങ്ങേറ്റവും ചടങ്ങിന്റെ ഭാഗമായി നടക്കും. രാവിലെ 9.30 ന് ‘കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനവും കെപിഎസിയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പി ഹരീന്ദ്രനാഥ്, ബൈജു ചന്ദ്രന്‍, ഇ പി രാജഗോപാല്‍, സജയ് കെ വി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ ആദരിക്കും. ഗായകന്‍ വി ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്യും. തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥിയാകും. ഇ വി വത്സന്‍, ഗിരിജ കായലാട്ട്, എല്‍സി സുകുമാരന്‍, അജിത നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന തോപ്പില്‍ ഭാസി അനുസ്മരണം ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും.

ഇ കെ വിജയന്‍ എംഎല്‍എ, തോപ്പില്‍ ഭാസിയുടെ മക്കളായ സുരേഷ് തോപ്പില്‍, സോമന്‍ തോപ്പില്‍ എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെപിഎസിയുടെ പുതിയ നാടകം ‘ഉമ്മാച്ചു’ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം വടകര നഗരസഭ ചെയര്‍ പേഴ്സണ്‍ കെ പി ബിന്ദു, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന് നല്‍കി നിര്‍വ്വഹിക്കും. കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍, ടി വി ബാലന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, ടി പി ഗോപാലന്‍ മാസ്റ്റര്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. സി വിനോദ്, ടി വി ബാലകൃഷ്ണന്‍, ബാബു പറമ്പത്ത്, ടി എന്‍ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകാവിഷ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. മനോജ് നാരായണനാണ് നാടക സംവിധായകന്‍.

Exit mobile version