Site icon Janayugom Online

പ്രതിസന്ധിയിലമര്‍ന്ന് കെപിസിസി, ഡിസിസി പുനസംഘടന

ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ സജീവമാകുകയും, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലത്തിലേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനമെടുത്തതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്. പരസ്യ പ്രസ്താവന നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതോടെ കൂടുതല്‍ പേര്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വരുന്നതിന് തടയിടുകയായിരുന്നു. സുധാകരന്‍— സതീശന്‍ കൂട്ടികെട്ടിന്‍റെ ഉദ്ദേശം. പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ കെ. ശിവദാസന്‍ നായര്‍, കെ പി അനില്‍കുമാര്‍ എന്നിവരെ സസ്പെന്‍റ് ചെയ്കു. കെസി വേണുഗോപാലിനെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പി എസ് പ്രശാന്തിനെ പുറത്താക്കിയത്. ബിജെപിയെ സഹായിക്കാലാണ് കെ സി വേണുഗോപാലിന്‍റെ പ്രധാന ഉദ്ദേശമെന്നാണ് പ്രശാന്ത് ആരോപിച്ചത്. കൂടാതെ തന്നെ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവിയെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി നിയമിച്ചതിനേയും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന നേതാക്കളെ പറ്റി പരസ്യമായി ആരോപണം ഉന്നയിച്ച കാസര്‍ഗോഡ് എംപി കൂടിയായ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ട്. അവര്‍ ഇക്കാര്യം പറഞ്ഞ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതിയും നല്‍കിയിട്ടുണ്ട്. രാജിവെച്ച എംവി ഗോപിനാഥിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് വരാനുള്ള നീക്കവും നടക്കുമ്പോള്‍ മറുവശത്ത് കൂടുതല്‍ പരസ്യ വിമര്‍ശനങ്ങള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരാതികള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ഉന്നയിക്കാനുള്ള ഒരുക്കത്തിലുമാണ്.ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ അതൃപ്തികള്‍ ഉണ്ടാവുമെന്ന കാര്യം നേതൃത്വം ആദ്യമെ കണക്കാക്കിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയേപ്പോലുള്ള നേതാക്കള്‍ പരസ്യ പ്രതികരണത്തിലേക്ക് പോവുമെന്ന് കരുതിയിരുന്നില്ല. നേതൃത്വത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി ഡിസിസി, കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനമാണ്. മൂന്ന് മാസത്തിനകം പുനസഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡസിസി പ്രസിഡന്‍റുമാരെ നിയമിച്ച അതേ മാതൃകയില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ ഭാരവാഹികളെ തീരുമാനിക്കാനാണ് സുധാകരനും ടീമും ആലോചിക്കുന്നത്.

എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാവും എന്ന കാര്യം സംശയകരമാണ്. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില് തിരിച്ചടിയേറ്റ ഗ്രൂപ്പുകള്‍ക്കുള്ള അവസാന പിടിവള്ളിയാണ് ഡിസിസി, കെപിസിസി പുനസംഘടന. അതുകൊണ്ട് തന്നെ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം അവര്‍ ചെലുത്തും. നിലവിലെ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി ഗ്രൂപ്പുകള്‍ നീങ്ങിയാല്‍ അത് തീരുമാനം എടുക്കുന്നതില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.കെപിസിസി, ഡിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കാന്‍ പുതിയ നേതൃത്വം ധാരണയില്‍ എത്തിയിട്ടുണ്ട്. ഡിസിസി അധ‍ൃക്ഷന്‍മാരുടെ നിയമനത്തില്‍ കേരളത്തില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച നടന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയോടും വിശദമായ ചര്‍ച്ചകള്‍ തന്നെ നേതൃത്വത്തിന് നടത്തേണ്ടി വരും.മറ്റ് മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി ബ്ലോക്ക് തലം വരേയുള്ള നേതാക്കളുടേയും അഭിപ്രായം നേതൃത്വം തേടും. വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലെന്ന കടുപിടുത്തത്തിലാണ് സുധാകരന്‍. ഗ്രൂപ്പ് വീതം വെയ്പ്പിനെ തുടര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ തഴയപ്പെട്ടവര്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കുന്നു.

എന്നാല്‍ ഗ്രൂപ്പ് രഹിത നീക്കം എന്ന് പറഞ്ഞ് തങ്ങളുടെ പക്ഷക്കാരെ തഴഞ്ഞ് സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്ന രീതി ഉണ്ടാകുമോയെന്ന ആശങ്കയാണ് ഗ്രൂപ്പ് നേതാക്കള്‍ക്ക് ഉള്ളത്. ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പുറമെ കെപിസിസി, ഡിസിസി പുനഃസംഘടനയിലും തിരിച്ചടിയുണ്ടായാല്‍ പാര്‍ട്ടി പൂര്‍ണ്ണമായും ഗ്രൂപ്പുകളുടെ കൈകളില്‍ നിന്ന്, പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അച്ചുതണ്ടില്‍ നിന്നും കൈവിട്ട് പോവുന്ന സ്ഥിതിയുണ്ടാവും. അതുകൊണ്ട് തന്നെ ഏറെ കരുതലുമായിട്ടാണ് ഗ്രൂപ്പുകളുടെ നീക്കം. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലെ അതൃപ്തി പെട്ടെന്ന് ഒടുങ്ങിയതിന് പിന്നിലെ പ്രധാന കാരണവും പുനസംഘടനയാണ്. ജംബോ ഭാരവാഹികള്‍ ഉണ്ടാവില്ലെന്ന് സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാല്‌ ഉപാധ്യക്ഷന്‍മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടത്തേണ്ടതുള്ളത്. പരമാവധി സ്ഥാനം നേടി കെപിസിസി തിരിച്ച് പിടിക്കുകയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. എന്നാല്‍ ഇത് അത് അത്ര എളുപ്പമുള്ള കാര്യമല്ല. എ,ഐ ഗ്രൂപ്പുകളില്‍ നിന്നും പരമാവധി നേതാക്കളെ അടര്‍ത്തിയെടുത്ത് കെസി വേണുഗോപാല്‍-കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട് രൂപപ്പെടുത്തുന്ന പുതിയ സമവാക്യങ്ങളാണ് ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ പേര് പറഞ്ഞ് കെ സി വേണുഗോപാല്‍ തന്‍റേതായ ഒരു ഗ്രൂപ്പ് കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി സുധാകരനുമായുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും പറഞു തീര്‍ത്തിരിക്കുന്നു.

Eng­lish sum­ma­ry; KPCC and DCC reor­ga­nize in crisis

you may also like this video;

Exit mobile version