Site icon Janayugom Online

കന്റോൺമെന്റ് ഹൗസിലെ ഗ്രൂപ്പ് യോഗം തകർക്കാൻ കെപിസിസിയുടെ മിന്നലാക്രമണം

കന്റോൺമെന്റ് ഹൗസിലെ ഗ്രൂപ്പ് യോഗം തകർക്കാൻ കെപിസിസിയുടെ മിന്നലാക്രമണം. ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടാനാകാതെ പകച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനും അനുയായികളും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പടയ്ക്കു മുന്നിൽ കീഴടങ്ങി. കോൺഗ്രസിൽ ഉടലെടുത്ത പുതിയ ഗ്രൂപ്പ് യുദ്ധങ്ങൾ തടയാൻ സമവായ നീക്കങ്ങളുമായി ഹൈക്കമാൻഡ് ഇടപെടല്‍ ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി നേതൃത്വം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതി പരിശോധിക്കുന്നത്. 

കന്റോൺമെന്റ് ഹൗസിൽ രാത്രി ഗ്രൂപ്പ് യോഗം ചേരുമെന്ന രഹസ്യവിവരം കെപസിസി പ്രസി‍ഡന്റ് കെ സുധാകരന് ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻ മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘത്തെ മിന്നൽ പരിശോധനയ്ക്കായി സുധാകരൻ ചുമതലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10 മണിയോടെ രണ്ട് കാറുകളിലായി നേതാക്കൾ കന്റോൺമെന്റ് ഹൗസിനുള്ളിലെത്തി. ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കാൻ വന്നവരാകാമെന്ന് തെറ്റിദ്ധരിച്ച പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഇവരെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു.

കോൺഫറൻസ് മുറിയുടെ മൂന്ന് വാതിലുകളിലും സംഘം നിലയുറപ്പിച്ചിട്ടുണ്ടെന്ന് ആരെയോ ഫോൺവിളിച്ചു പറഞ്ഞതുകേട്ടതിൽ പന്തികേട് തോന്നിയാണ് സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ പ്രതിപക്ഷ നേതാവിനെ കാര്യം അറിയിച്ചത്. ഇതോടെ യോഗത്തിനെത്തിയ പ്രമുഖ നേതാക്കളിൽ പലരും പല വാതിലുകളിലൂടെയും പുറത്തേക്കിറങ്ങിയോടി. വി ഡി സതീശനും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഒഴികെ നെയ്യാറ്റിൻകര സനൽ, വി എസ് ശിവകുമാർ, കെ എസ് ശബരീനാഥ്, വർക്കല കഹാർ, എം എം വാഹിദ്, കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരാണ് മറ്റുവാതിലുകളിലൂടെ ഓടാൻ ശ്രമിച്ചത്. ഇവരെയെല്ലാം വ്യക്തമായി മനസിലാക്കിയ കെപിസിസി സംഘം പങ്കെടുത്തവരുടെ ദൃശ്യങ്ങൾ പകർത്തിയതായും സൂചനയുണ്ട്. ‘നടന്നത് ഗ്രൂപ്പ് യോഗം അല്ലെന്നും വെറുതെ തങ്ങൊളൊന്ന് ഇരുന്നതാണ്’ എന്നും ചോദിക്കാതെതന്നെ നേതാക്കൾ ഒന്നിച്ചുപറഞ്ഞു. ഔദ്യോഗിക വസതിയിൽ കള്ളന്മാരെപ്പോലെ കയറിയത് തരംതാഴ്ന്ന പണിയായി പോയതായി പറഞ്ഞ നേതാക്കൾ, കെപിസിസി സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെതന്നെ തെളിവുകൾ സഹിതം കെ സുധാകരൻ ഹൈക്കമാൻഡിന് വിവരം കൈമാറിയതായാണ് സൂചന. 

വി ഡി സതീശനെ അനുകൂലികളുടെ ഗ്രൂപ്പ് യോഗമാണ് കന്റോൺമെന്റ് ഹൗസിൽ ചേർന്നത്. എഐസിസി സംഘടന ചുമതലയുള്ള കെ സി വേണുഗോപാലുമായി ഇന്നലെ ചർച്ച നടത്തുന്നതിന് മുന്നോടിയായി അജണ്ട തയാറാക്കുകയായിരുന്നു ലക്ഷ്യം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വീട്ടിൽ ചേർന്ന എ, ഐ സംയുക്ത ഗ്രൂപ്പുകള്‍ രഹസ്യയോഗം ചേർന്നത് അറിഞ്ഞിട്ടും സുധാകരൻ ചോദ്യംചെയ്തില്ലെന്ന പരാതിയാണ് ഇപ്പോള്‍ സതീശന്റെ അനുകൂലികള്‍ പറയുന്നത്. വരും ദിവസങ്ങളിൽ ഇരുനേതാക്കളും തമ്മിലുള്ള പോര് കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെപിസിസിയുടെ മിന്നൽ പരിശോധന തെളിവുകൾ മറ്റാരുടെയെങ്കിലും കൈകളിലുണ്ടോയെന്ന പരിശോധന ആരംഭിച്ചെങ്കിലും ഇരുവരും വാർത്ത നിഷേധിച്ചു. 

Eng­lish Summary:KPCC group meeting
You may also like this video

Exit mobile version