Site iconSite icon Janayugom Online

കെപിസിസി നോക്കുകുത്തി; വയനാട്ടിലെ ചുമതല ഹൈക്കമാന്റിന്

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കെപിസിസിയെ നോക്കുകുത്തിയാക്കി പാർട്ടി ചുമതലക്കാരെ നേരിട്ട് നിശ്ചയിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ്‌ ഹൈക്കമാന്റ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചപ്പോഴാണ്, തങ്ങളെ മറികടന്നുള്ള ഹൈക്കമാന്റിന്റെ ഏകപക്ഷീയ നടപടി കെപിസിസി നേതൃത്വം അറിയുന്നത്. അതും, വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതടക്കമുള്ള ഇടപെടലുകളിലേക്ക് കടക്കാൻ ഡൽഹിയിൽ നിന്ന് നേരിട്ട് നിര്‍ദേശം നൽകിയതിനു ശേഷവും. 

രണ്ടുവട്ടം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴും പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ച സംസ്ഥാന കെപിസിസി നേതൃത്വത്തെ ഇടിച്ചുതാഴ്ത്തുന്നതായി ഹൈക്കമാന്റ് നടപടിയെന്ന പ്രതിഷേധം നേതാക്കൾ പങ്കുവച്ചു. പ്രിയങ്കാ ഗാന്ധി മത്സരിക്കാനിടയുളള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കേരള നേതൃത്വം പ്രാപ്തമായിട്ടില്ലെന്ന തരത്തിലുള്ള വിലയിരുത്തല്‍ പരിഹസിക്കലാണെന്ന വിമര്‍ശനവുമുയര്‍ന്നു.

അഞ്ച് എംപി മാർക്കും രണ്ട് എംഎല്‍എ മാർക്കുമായിട്ടാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളുടെ ചുമതല ഹൈക്കമാന്റ് വീതിച്ചു നൽകിയിരിക്കുന്നത്. എം കെ രാഘവൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ എന്നീ എംപി മാർക്കും സി ആർ മഹേഷ് (ഏറനാട് ), സണ്ണി ജോസഫ് (മാനന്തവാടി) എന്നീ എംഎല്‍എ മാർക്കുമാണ് ചുമതല. വയനാട്ടിൽ കെപിസിസി പ്രത്യേകമായി ചുമതലപ്പെടുത്തി ആരെയും നിയോഗിക്കേണ്ടതായിട്ടില്ല. അങ്ങനെ ചെയ്താല്‍ കെട്ടിയിറക്കപ്പെട്ടവരുടെ കീഴിൽ രണ്ടാം സ്ഥാനക്കാരായി നിൽക്കാൻ സംസ്ഥാന നേത്വത്തിലുള്ളവരിൽ ആരും ഇഷ്ടപ്പെട്ടെന്നും വരില്ല. അതേസമയം,നിയമസഭാ ഉപതെരഞ്ഞെടുപ്പ്കൾ നടക്കാനിരിക്കുന്ന ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ കെപിസിസി ചില നേതാക്കൾക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്.

Exit mobile version