തൃശൂരിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തന രംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച കെ മുരളീധരന്‍ കെപിസിസി നേതൃത്വത്തിന്റെ അനുനയനീക്കത്തിന് വഴങ്ങുന്നു. പരാജയത്തിനുശേഷം മാധ്യമങ്ങളേയോ പാര്‍ട്ടി നേതാക്കളേയോ കാണാന്‍ കൂട്ടാക്കാതിരുന്ന മുരളീധരന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വസതിയിലെത്തി സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മുരളീധരന് സ്വീകാര്യമാണെന്നാണ് അറിയുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താല്പര്യമെന്നും കെപിസിസി അധ്യക്ഷ പദവി ലഭിക്കണമെന്നുമാണ് മുരളീധരന്റെ ആവശ്യം. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എങ്ങിനെ സ്വീകരിക്കുമെന്നറിയാത്തതിനാല്‍ ആവശ്യം എഐസിസി നേതൃത്വത്തെ അറിയിക്കാമെന്ന് കെ സുധാകരന്‍ ഉറപ്പുനല്‍കിയതായാണ് വിവരം. എന്നാല്‍ മാധ്യമങ്ങളെ കണ്ട മുരളീധരന്‍ കെപിസിസി അധ്യക്ഷ പദവി വേണമെന്ന് പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്റെ നേതൃത്വത്തെ താന്‍ അംഗീകരിക്കുന്നുവെന്നുമാണ് വ്യക്തമാക്കിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കോൺഗ്രസ് വിജയിച്ചു നിൽക്കുന്ന സമയത്ത് നിലവിലെ അധ്യക്ഷനെ മാറ്റേണ്ട ഒരു കാര്യവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ല. താൻ തല്‍ക്കാലം മാറിനിൽക്കുകയാണ്. രാജ്യസഭയിൽ ഒരുകാരണവശാലും താൻ പോകില്ല. രാജ്യസഭയിൽ പോകുന്നെങ്കിൽ തന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം. സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാവും. എല്ലാം പോയെങ്കിലും തന്റെ കൂടെ ഈ നാടുണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി.
വടകരയിൽ നിന്നും മാറാനെടുത്ത തീരുമാനം തെറ്റായിരുന്നു. അവിടെ നിന്നും പോയി തൃശ്ശൂരിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്തുകാര്യവും ആലോചിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂവെന്ന് ഈ തെരഞ്ഞെടുപ്പ് തന്നെ പഠിപ്പിച്ചു. ആലോചിക്കാതെ പ്രവർത്തിച്ചതുകൊണ്ടാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. തൃശൂരിൽ വോട്ടുമറിച്ചിട്ടില്ലെന്നും പരമ്പരാഗത വോട്ടുകളിൽ വന്ന വീഴ്ചയാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവിയിൽ ഒരു നേതാക്കളെയും കുറ്റപ്പെടുത്താനില്ല. തൃശൂരിലെ പരാജയത്തിന്റെ പേരിൽ ഡിസിസി ഓഫീസിൽ ഉണ്ടായ തമ്മിലടി കേവലം വികാരപ്രകടനം മാത്രമാണ്. സംഘർഷം ഒന്നിനും പരിഹാരമാവില്ല. അത് കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്തവന്നു. പരമ്പരാഗത വോട്ടുകളും കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും താൻ പരാതിയും പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷൻ വന്നാൽ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെയേ തനിക്ക് പറ്റുകയുള്ളൂ. തന്റേത് വിമതസ്വരമല്ല. തെരഞ്ഞെടുപ്പിൽ ആരൊക്കെ കള്ളക്കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. അതിന് ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ടുപോവില്ലെന്നും ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മുരളീധരന്‍ ഇന്നലെ മാധ്യമങ്ങളെ കാണാന്‍ തയ്യാറായതെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോള്‍ തന്നോടുള്ള സഹതാപത്തിലൂടെ തന്റ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നുതന്നെയാണ് മുരളീധരന്റെ കണക്കുകൂട്ടല്‍.
English Summary:KPCC persuasion; Muralidharan may give in
You may also like this video