Site iconSite icon Janayugom Online

അതിജീവിതയുടെ പരാതിയെ ‘ഗൂഢാലോചന’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റങ്ങളെ വെള്ളപൂശാൻ : മന്ത്രി വി ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉയർന്നുവന്ന പരാതിയ്ക്ക് പിന്നിൽ ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഒരു പരാതി ലഭിച്ചാൽ അത് അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്തമാണ്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പരാതി നൽകിയവരെയും അതിന് പിന്നിലെ നിയമവശങ്ങളെയും ഭയക്കുന്നത് എന്തിനാണ്? സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഏത് ‘ലീഗൽ ബ്രെയിനി‘നെയും നേരിടാൻ കെപിസിസിക്ക് സാധിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അവിടെ രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്ന രീതി ഈ സർക്കാരിനില്ല. തെറ്റ് ചെയ്തവർ ആരായാലും നടപടി നേരിടേണ്ടി വരും. പുകമറ സൃഷ്ടിച്ച് യഥാർത്ഥ വിഷയം വഴിതിരിച്ചുവിടാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version