Site iconSite icon Janayugom Online

കെപിസിസി പുനസംഘടന: ഗ്രൂപ്പുകള്‍ക്കൊപ്പം വിവിധ സംഘടനകളും പ്രതിഷേധത്തില്‍

കെപിസിസി പുനസംഘടന സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു.പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം വിവിധ മത-സമുദായ നേതൃത്വവും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തു വന്നിരിക്കുന്നു.എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറിക്കിയതിന്റെ ഭാഗമായിട്ടാണ് വേണം പുനസംഘടനയെ കാണേണ്ടത്. യൂത്ത് കോണ്‍ഗ്രസിനൊപ്പം, കെപിസിസി പുനസംഘടനയിലും തന്റെ അപ്രമാദിത്വംസ്ഥാപിച്ചിരിക്കുകയാണ് കെസി. ഇതു പരമ്പരാഗത ഗ്രൂപ്പുകളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു. 

നാടാര്‍ വിഭാഗത്തെ പുനസംഘടനയില്‍ അവഗണിച്ചതില്‍ നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ രംഗത്തുവന്നിരിക്കുന്നു. തലസ്ഥാനജില്ല ഉള്‍പ്പെടുള്ള പ്രദേശങ്ങളില്‍ നാടാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുണ്ട്.അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്ത് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ പ്രസ്താവനയിൽ പറയുന്നു.

തിരുവനന്തപുരത്ത് നിന്നും 12 ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ നാടാര്‍ സമുദായത്തില്‍ നിന്നും ഒരാളെ മാത്രമാണ് നിയമിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക പ്രസി‍ഡന്റ് എന്‍ ശക്തന്‍ കെപിസിസിയുടെ വൈസ് പ്രസിഡന്റായിരുന്നു. എന്നാല്‍ ആസ്ഥാനത്തേക്ക് സമുദായത്തില്‍ നിന്നും ആരെയും പരിഗണിച്ചില്ലെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഒരു ശതമാനം പരിഗണനയാണ് സമുദായത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ സമുദായത്തിന്റെ ഒരു ശതമാനം വോട്ട് മതിയോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും നാടാർ സർവീസ് ഫെഡറേഷൻ പ്രസ്ഥാവനയിലൂടെ പറഞ്ഞു. 

കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനേയും, അബിന്‍ വര്‍ക്കിയേയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു വന്നിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ തനിക്കുള്ള പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.കെ മുരളീധരൻ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് നിർദേശിച്ച ന്യൂനപക്ഷ സെൽ വൈസ് ചെയർമാൻ കെപി ഹാരിസിന്റെ പേരും പരിഗണിക്കപ്പെട്ടില്ല. ജനറൽ സെക്രട്ടറിയായിരുന്ന മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു.

ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളുമായിരുന്ന ചില നേതാക്കന്മാരുടെ പേര് വിവിധ സ്ഥാനങ്ങളിലേക്ക് എ ഗ്രൂപ്പ് നൽകിയിരുന്നു. കെപി ധനപാലൻ, അബ്ദുറഹ്മാൻ ഹാജി, കെസി അബു എന്നിവർക്ക് എ ഗ്രൂപ്പ് മുൻഗണനനൽകിയിരുന്നു. മുൻപ്‌ കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാന്റെ പേരും മുന്നോട്ടുവെച്ചു. എന്നാൽ, ഇവരൊന്നും പരിഗണിക്കപ്പെട്ടില്ല.ചാണ്ടി ഉമ്മന്റെ പേര് എ ഗ്രൂപ്പ് രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിർദേശിച്ചിരുന്നു. ജനറല്‍ സെക്രട്ടറി എങ്കിലും ആക്കുമെന്നു വീചാരിച്ചിരുന്നു. അതും നടന്നില്ല.പരിഹാരമുണ്ടായില്ലെങ്കിൽ ലഭിച്ച സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടെന്ന ചിന്തയും എ ഗ്രൂപ്പ് നേതാക്കളിലുണ്ട്.

ഒരു കാലത്ത് കെ സി വേണുഗോപാലിന്റെ വിശ്വസ്തനായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുനസംഘടനയില്‍ പരാതി ശക്തമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇപ്പോള്‍ കെ സി യുടെ നോമിനിയാണ്. കോട്ടയം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് സതീശന്‍ നിർദേശിച്ച ഫിൽസൺ മാത്യൂസിനെ ജനറൽ സെക്രട്ടറിയാക്കിയതിലൂടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നാണ് സൂചന. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് സതീശന്‍ നല്‍കിയ പേര് ചെമ്പഴന്തി അനിലിന്റെതായിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കപ്പെടാൻ സാധ്യതയില്ല. ഇവിടെ ചുമതലവഹിക്കുന്ന ശക്തനെ കെപിസിസി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നാണ് സൂചന. 

അബിൻ വർക്കിയെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങൾ വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തെന്ന പരാതി രമേശ് ചെന്നിത്തലയും ഐ വിഭാഗവും ഉന്നയിച്ചു. അബിന്‍ വര്‍ക്കി അഖിലേന്ത്യ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കേണ്ട എന്നുള്ളത് ഐ ഗ്രപ്പിന്റെ നിലപാട് കൂടിയാണ് .പരാതി ഒഴിവാക്കാനായിട്ടാണ് ജംബോ കമ്മിറ്റി രൂപീകരിച്ചത് . എന്നാല്‍ അതു വലിയ പുലിവാലായി മാറിയിരിക്കുകയാണ് .

Exit mobile version