Site iconSite icon Janayugom Online

കെപിസിസിയുടെ 137 രൂപ ചലഞ്ച് പിരിവും പാതിവഴിയിൽ അവസാനിച്ചു

കെപിസിസിക്കു പ്രവർത്തന ഫണ്ട് കണ്ടെത്താൻ പാർട്ടിയുടെ 137ാം ജന്മദിനത്തോടനുബന്ധിച്ച് ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് പദ്ധതിയും പാതിവഴിയിൽ അവസാനിപ്പിച്ചു. അംഗത്വ വിതരണം പാളിയതിന്റെ ക്ഷീണം മാറുന്നതിനു മുമ്പേ ഫണ്ട് ശേഖരണത്തിലുണ്ടായ തിരിച്ചടിയിൽ നേതൃത്വം നിരാശയിലാണ്.
സംഘടനാ കാര്യങ്ങൾ പോലും സുഗമമായി മുന്നോട്ടു കൊണ്ടുപോയി ലക്ഷ്യത്തിലെത്തിക്കുന്നതിൽ നേതാക്കളിൽ നിന്നും അണികളിൽ നിന്നും വേണ്ടത്ര സഹകരണമുണ്ടാകാത്തതാണ് കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ മുഖ്യ പ്രശ്നം. പാർട്ടിയുടെ 137-ാം ജന്മദിനം പ്രമാണിച്ചാണ് ആ അക്കം വരുന്ന തുക മുഴുവൻ അംഗങ്ങളിൽ നിന്നും പിരിച്ച് പ്രവർത്തന ഫണ്ടുണ്ടാക്കാൻ കെപിസിസി തീരുമാനിച്ചത്. 50 കോടിയായിരുന്നു ലക്ഷ്യം. ഡിസംബര്‍ 28ന്, രമേശ് ചെന്നിത്തലയിൽ നിന്നു വിഹിതം സ്വീകരിച്ച് പ്രസിഡന്റ് കെ സുധാകരൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘടനവും നിർവഹിച്ചു. വിദേശങ്ങളിലുള്ളവർക്കു പണമയയ്ക്കാൻ അക്കൗണ്ട് നമ്പറുകളും ബാങ്കുകളുടെ വിശദാംശങ്ങളുമൊക്കെ പരസ്യപ്പെടുത്തുകയും ചെയ്തു. പിരിവ് കൊഴുക്കണമെങ്കിൽ ഡിജിറ്റൽ രീതിക്കു പുറമെ അച്ചടിച്ച രസീതുകുറ്റികൾ കൂടി വേണമെന്ന ആവശ്യം താഴെത്തട്ടിൽ നിന്ന് ഉയർന്നപ്പോൾ മണ്ഡലാടിസ്ഥാനത്തിൽ രസീത് അച്ചടിപ്പിച്ച് സംഗതി ആ ഘോഷമാക്കാൻ നേതൃത്വം പച്ചക്കൊടിയും കാട്ടി.
ക്വാട്ട പൂർത്തിയാക്കി റിപ്പബ്ലിക് ദിനമായ ജനുവരി 26നു സംസ്ഥാന നേതൃത്വത്തെ ഏൽപ്പിക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും മേൽഘടകങ്ങളിലേക്ക് നിശ്ചയിച്ച തീയതിയിൽ പണമെത്താതായതോടെ, സമയപരിധി മാർച്ച് 12 ലേക്കു നീട്ടി. അന്ന് ദണ്ഡി യാത്രയുടെ വാർഷിക ദിനമാണെന്ന സൗകര്യവും കണ്ടെത്തി. പിന്നീട് തീയതി മാർച്ച് 30 ലേക്കു ദീർഘിപ്പിച്ചു. എന്നിട്ടും, ഫലം കണ്ടില്ല. ചില ജില്ലാ കമ്മിറ്റികൾ ഇനിയും സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ്. കീഴ്ഘടകങ്ങളിൽ നിന്നു പണമെത്തിയിട്ടില്ല. നാലു മാസം കൊണ്ട് 50 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് അതിന്റെ അഞ്ചിലൊന്നു പോലും കെപിസിസിയിൽ എത്തിയിട്ടില്ല. കിട്ടിയതിന്റെ കണക്ക് പുറത്തുവിട്ടിട്ടുമില്ല.

Eng­lish Sum­ma­ry: KPC­C’s Rs 137 chal­lenge col­lec­tion also end­ed halfway

You may like this video also

Exit mobile version