വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്പാദനം വർധിപ്പിക്കാനൊരുങ്ങി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ). പ്രതിവർഷം രണ്ട് ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ 10 വർഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാർ വനം വകുപ്പും കെപിപിഎല്ലുമായി ഒപ്പുവയ്ക്കുന്നതിന് മുഖ്യമന്ത്രിയും വനം മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.
കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ എച്ച്എൻഎൽ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ചതാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്. എച്ച്എൻഎല്ലിന് നൽകിയിരുന്ന എല്ലാ സൗജന്യങ്ങളും സഹായങ്ങളും സംസ്ഥാന സർക്കാർ സ്ഥാപനമായ കെപിപിഎല്ലിനും വനം വകുപ്പിൽ നിന്നും ലഭ്യമാക്കും. സ്വന്തമായി പൾപ്പ് മരത്തടി ഉല്പാദിപ്പിക്കുന്നതിന് എച്ച്എൻഎല്ലിന് പാട്ട വ്യവസ്ഥയിൽ അനുമതി നൽകിയിരുന്ന സ്ഥലം, പൾപ്പ് തടിയുടെ ഉല്പാദനത്തിനായി പാട്ട വ്യവസ്ഥയിൽ തന്നെ കെപിപിഎല്ലിന് കൈമാറുവാനും യോഗത്തിൽ തീരുമാനമായി.
5600 ഹെക്ടർ ഭൂമിയാണ് എച്ച്എൻഎല്ലിന് സ്വന്തമായി പൾപ്പ് മരത്തടികൾ ഉല്പാദിപ്പിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ കൈമാറിയിരുന്നത്. ഇതിൽ 3050 ഹെക്ടർ ഭൂമിയിലാണ് എച്ച്എൻഎൽ പൾപ്പ് മരത്തടികളുടെ ഉല്പാദനം ആരംഭിച്ചത്. സാമൂഹ്യ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വച്ചുപിടിപ്പിച്ചിട്ടുള്ള പൾപ്പ് മരത്തടികൾ ശേഖരിക്കുന്നതിന് കെപിപിഎല്ലിന് അനുമതി നൽകുവാനും യോഗത്തിൽ തീരുമാനമായി. ഇപ്പോൾ ഉപയോഗിക്കുന്ന പൾപ്പ് മരത്തടികൾ കൂടാതെ ഇതര സ്പീഷീസിലുള്ള തടികളും, പൾപ്പ് ആക്കി മാറ്റാവുന്ന ഇതര വസ്തുക്കളും ഉപയോഗിക്കുന്നതിന്റെ സാധ്യതയും, സാങ്കേതികതയും പരിശോധിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നിലവിലുള്ള ന്യൂസ് പ്രിന്റ് ഉല്പാദനത്തിന് പുറമെ മൂല്യവർധിത പേപ്പർ ഉല്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ ഉല്പാദനം കൂട്ടുന്നതിന് വേണ്ടി കെപിപിഎൽ വൈവിധ്യവൽക്കരണ പദ്ധതികളും നടപ്പാക്കും. യോഗതീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വനം വ്യവസായ സെക്രട്ടറിമാരെ ചുമതലപ്പെടുത്തും.
English Summary: KPPL to increase newsprint production
You may also like this video