Site iconSite icon Janayugom Online

കൃഷിദർശൻ: കർഷകരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം

കൃഷിദർശൻ പരിപാടിക്ക് നെടുമങ്ങാട് ബ്ലോക്കിൽ ജനുവരി 25ന് തുടക്കമാകും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ വിവിധ കാർഷിക മേഖലകളിലെ കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യാനാകും.
കർഷകർക്ക് അവരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കൃഷിവകുപ്പിന്റെ എയിംസ്(അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിന്റെ പുതിയ പതിപ്പിലൂടെയാണ് കർഷകർ പരാതികൾ സമർപ്പിക്കേണ്ടത്. ജനുവരി നാല് വരെയാണ് പരാതികൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. എഴുതി തയ്യാറാക്കിയ പരാതികൾ ഓൺലൈനായി അപ‌്‌ലോഡും ചെയ്യാവുന്നതാണ്. കർഷകർക്ക് നേരിട്ടോ അതത് കൃഷിഭവനുകൾ വഴിയോ പരാതികൾ സമർപ്പിക്കാം. 

കർഷകർക്ക് ഓൺലൈനായി പരാതി സമർപ്പിക്കേണ്ട വിധം‍: കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്യണം. www. aims. ker­ala. gov. in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് എയിംസ് ന്യൂ സര്‍വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് വരുന്ന പേജിൽ ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഐഡി, പാസ്‌വേര്‍ഡ് എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. ഐഡി, പാസ്‌വേര്‍ഡ് എന്നിവ ലഭ്യമല്ലാത്ത കർഷകർക്ക് സ്വന്തം ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. www. aim­snew. ker­ala. gov. in എന്ന വെബ് അ‍ഡ്രസ് വഴിയും ഈ പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതാണ്. 

കർഷകർ ലോഗിൻ ചെയ്ത ശേഷം ഡാഷ്ബോർഡിലെ ‘മൈ ലാന്‍ഡ്’ എന്ന ഭാഗത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. ബന്ധപ്പെട്ട കൃഷിഭവൻ, പരാതികൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ എന്നിവരെ സോഫ്റ്റ്‌‌വേർ തിരഞ്ഞെടുക്കുന്നതിനായാണ് കൃഷിഭൂമി വിവരങ്ങൾ ചേർക്കുന്നത്. കരം രസീത്/പാട്ട ചീട്ട് അപ‌്‌ലോഡ് ചെ യ്യേണ്ടതില്ല.
തുടർന്ന് അപ്ലൈ ന്യൂ സര്‍വീസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരാതി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ സമർപ്പിക്കുന്ന പരാതിക്ക് ഓൺലൈനായി അപേക്ഷ നമ്പർ നൽകുന്നതും പരാതിയുടെ തൽസ്ഥിതി വിവരങ്ങൾ ഓൺലൈനായി കർഷകന് മനസിലാക്കുവാനും സാധിക്കും. പരാതിയുടെ പകർപ്പ് കർഷകന് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. എഴുതി തയ്യാറാക്കിയ പരാതികളോ അത് സംബന്ധിച്ച ചിത്രങ്ങളോ കർഷകർക്ക് പരാതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യാവുന്നതാണ്. 

Eng­lish Sum­ma­ry: Krishi­dar­shan: Farm­ers’ com­plaints can be sub­mit­ted online

You may also like this video

Exit mobile version