മഥുരയിലെ കൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ രാധാ റാണി വൃഷ്ഭാനുകുമാരി വൃന്ദാവനിയെ കക്ഷി ചേര്‍ക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കടോതി. രാധാ റാണിയെ പ്രതിനിധീകരിച്ച് ഹിന്ദുപക്ഷം റീന എന്‍ സിങ് വഴി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.കേസില്‍ രാധാ റാണിയെ കക്ഷി ചേര്‍ക്കുന്നത് അത്യാവശ്യമോ ഉചിതമോ അല്ലെന്നും കോടതി വ്യക്തമാക്കി. രാധാ റാണിയെ ഉള്‍പ്പെടുത്തിയാല്‍ കേസിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.പൗരാണിക ചിത്രീകരണങ്ങള്‍ കേട്ടുകേള്‍വി തെളിവായി കണക്കാക്കപ്പെടുന്നുവെന്ന് പരാമര്‍ശിച്ചാണ് കോടതി ഹിന്ദു പക്ഷത്തിന്റെ ഹരജി തള്ളിയത്.
സിവില്‍ പ്രൊസീജ്യര്‍ കോഡിലെ ഓര്‍ജര്‍ ഒന്ന് റൂള്‍ പത്ത് പ്രകാരമുള്ള ഹരജിയാണ് അഭിഭാഷകന്‍ സമര്‍പ്പിച്ചത്.പുരാണങ്ങളിലെയും സംഹിതകളിലെയും പരാമര്‍ശങ്ങളെയും അടിസ്ഥാനമാക്കി ഭഗവാന്‍ കൃഷ്ണന്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാവിയില്‍ അപേക്ഷകന്‍ സംയുക്ത ഉടമസ്ഥാവകാശത്തിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഏതെങ്കിലും വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ ഹരജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
വിവാദത്തിലുള്ള സ്വത്തിന്റെ സംയുക്ത ഉടമ എന്ന നിലയില്‍ അപേക്ഷകന്റെയും വാദിയുടെയും അവകാശവാദം വിവിധ പുരാണങ്ങളിലും സംഹിതകളിലും രാധാ റാണിയെ ഭഗവാന്‍ കൃഷ്ണന്റെ ആത്മാവായി കണക്കാക്കുന്ന ചില പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിയമപരമായ പശ്ചാത്തലത്തില്‍ പൗരാണിക ചിത്രീകരണങ്ങള്‍ പൊതുവെ കേട്ടുകേള്‍വി തെളിവായി കണക്കാക്കപ്പെടുന്നു കോടതി അഭിപ്രായപ്പെട്ടു .13.37 ഏക്കര്‍ ഭൂമിയുടെ സംയുക്ത ഉടമ എന്ന നിലയില്‍ അപേക്ഷകന് അവകാശമുണ്ടെന്നും, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി വാദി അവകാശപ്പെടുന്ന കേസില്‍ അപേക്ഷകന്റെ സ്വത്തും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അപേക്ഷകന്‍ ഉന്നയിച്ച വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
അപേക്ഷക, ദേവതയായ രാധാ റാണി കേസിലെ വാദിയായ ഭഗവാന്‍ കൃഷ്ണ ലാല വിരാജ്മാന്റെ നിയമപരമായ ഭാര്യയും സ്ത്രീ രൂപവുമാണെന്നും, ഇരുവരെയും ഒരുമിച്ച് പുരാതന കാലം മുതല്‍ ദേവതകളായി ആരാധിക്കുന്നുവെന്നും ഹരജിക്കാര്‍ അവകാശപ്പെടുന്നു.ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര പരിസരത്ത് നിന്ന് ഷാഹി ഇദ്ഗാഹ് മസ്ജിദ് എന്നറിയപ്പെടുന്ന അനധികൃത കയ്യേറ്റം നീക്കം ചെയ്യണമെന്നാണ് കേസിലാണ് ഹിന്ദു പക്ഷം ഹരജി നല്‍കിയത്. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളി കൃഷ്ണ ജന്മഭൂമി എന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിരവധി ഹരജികളില്‍ ഒന്നിലാണ് കക്ഷി ചേര്‍ക്കാനുള്ള അപേക്ഷ.16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതെന്നുമുള്ള വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

