Site icon Janayugom Online

ഇനി കൃഷ്ണ ജന്മഭൂമി തർക്കം; ഷാഹി ഈദ്ഗാഹ് സര്‍വേ ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയിൽ പരിശോധന നടത്താന്‍ കമ്മിഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. മൂന്നംഗ അഭിഭാഷക കമ്മിഷനാകും പരിശോധന നടത്തുക. പരിശോധനാ രീതികളും അഭിഭാഷക സംഘത്തെയും അന്തിമമാക്കാന്‍ ഡിസംബര്‍ 18ന് കോടതി വീണ്ടും വിഷയം പരിഗണിക്കും. ജസ്റ്റിസ് മായങ്ക് കുമാർ ജെയ്‌നിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് കേസിലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനും മറ്റ് ഏഴ് പേരുമാണ് പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത്. സർവേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നും അവിടെ മുമ്പുണ്ടായിരുന്നത് ഹിന്ദുക്ഷേത്രമാണെന്നതുമാണ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിലെ പ്രധാന വാദം.

താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരിൽ ഒരാളായ ശേഷനാഗിന്റെ ചിത്രവും പള്ളിക്ക് അടിയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. അതുകൊണ്ടുതന്നെ പള്ളിയിൽ പരിശോധന നടത്താൻ ഒരു കമ്മിഷനെ നിയമിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: KRISHNA JANMABHUMI DISPUTE
You may also like this video

Exit mobile version