Site iconSite icon Janayugom Online

ക്ഷീരശ്രീ പോർട്ടൽ ഉദ്ഘാടനം ചെയ്തു

കർഷകർക്ക് ക്ഷീരവികസന വകുപ്പിൽ നിന്നും ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈൻ അ­പേക്ഷ നൽകുന്നതിനുള്ള സംവിധാനം ക്ഷീരശ്രീ പോർട്ടൽ മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി കർഷകർക്കായി സമർപ്പിച്ചു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ക്ഷീര സംഘങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുവാനും വെബ് പോർട്ടൽ സ­ഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ സമയോചിതമായ ഉപയോഗപ്പെടുത്തൽ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന യൂണിഫൈഡ് സോഫ്റ്റ്‌വേര്‍ പദ്ധതിയാണിത്.

ക്ഷീരഗ്രാമം പദ്ധതി പത്ത് ജില്ലകളിൽ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ പോർട്ടൽ. 5634 ക്ഷീര സംഘങ്ങളും ആറ് ലക്ഷത്തോളം ക്ഷീര കർഷകരും സംസ്ഥാനത്തുണ്ട്. സേവനങ്ങൾ കർഷകരുടെ വിരൽതുമ്പിലേക്ക് എത്തിക്കുക എന്നതാണ് ഈ പോർട്ടൽകൊണ്ട് ലക്ഷ്യമാക്കുന്നത്. ക്ഷീരകർഷകർക്ക് ക്ഷീര വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമാണ് ഈ പോർട്ടൽ തുറന്നു തരുന്നത്. ക്ഷീരകർഷകർ എത്രയും വേഗം ഈ പോർട്ടലിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കണം. ക്ഷീരകർഷകർക്ക് സ്വന്തമായോ അ­ക്ഷയകേന്ദ്രങ്ങൾ മുഖാന്തരമോ രജിസ്റ്റർ ചെയ്യാം.

ക്ഷീരസംഘങ്ങൾ കൈകാര്യംചെയ്യുന്ന പാലിന്റെ അളവും കർഷകർ സംഘങ്ങളിൽ നൽകുന്ന പാലിന്റെ ഗുണനിലവാരവും കൃത്യമായി അറിയുവാൻ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.വി കെ പ്രശാന്ത് എംഎല്‍എ പോർട്ടൽ മുഖേനയുള്ള ആദ്യ അപേക്ഷ സ്വീകരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി പി സുരേഷ്‌കുമാര്‍, സ്റ്റേറ്റ് ഇൻഫോർമാറ്റിക്സ് ഓഫീസർ പി വി മോഹൻ കൃഷ്ണൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജയ് കുമാർ, ക്ഷീരവികസനവകുപ്പ് ജോയിന്റ് ഡയറക്ടർ ശശികുമാർ എന്നിവര്‍ പങ്കെടുത്തു. ‘ക്ഷീരശ്രീ’ പോർട്ടലിലെ ksheerasree.kerala.gov.in സന്ദർശിച്ച് കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാം.

eng­lish sum­ma­ry; Ksheerashree inau­gu­rat­ed the portal

you may also like this video;

Exit mobile version