Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ഒരു പൊതുമേഖലാ സംരംഭമാണ്

ഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനമായ കെഎസ്‍ആര്‍ടിസിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശുഭകരമല്ല. അതില്‍ ഒടുവിലത്തേതാണ് കഴിഞ്ഞദിവസം പുറത്തുവന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറു(സിഎംഡി)ടെ പേരില്‍ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവ്. ശമ്പളം ഗഡുക്കളായി നല്കുമെന്നാണ് ഉത്തരവിലുള്ളത്. ആദ്യഗഡു അഞ്ചാം തീയതി നല്കുമെന്ന ഔദാര്യം ഉത്തരവിലുണ്ട്. രണ്ടാംഗഡു സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്കുമെന്നാണ് വ്യക്തമാക്കുന്നത്. അതിനര്‍ത്ഥം സര്‍ക്കാരിന് സാമ്പത്തിക സഹായം നല്കാനാകുന്നില്ലെങ്കില്‍ രണ്ടാംഗഡു ശമ്പളം സ്വാഹ എന്നായിരിക്കുമോ. ശമ്പളം മൊത്തമായി വേണമെന്നുള്ളവര്‍ അക്കാര്യം ബോധിപ്പിച്ചാല്‍ ഒരുമിച്ച് നല്കും, അത് സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമായിരിക്കും. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാല്‍ മാത്രമേ അവിടെയുള്ളവര്‍ക്ക് മാസം അഞ്ചിന് മുമ്പ് മുഴുവന്‍ ശമ്പളവും ലഭ്യമാക്കുവാന്‍ സാധിക്കൂ എന്ന വരുമാന ലക്ഷ്യവും തൊഴിലാളികള്‍ക്ക് മുന്നിലിട്ടുകൊടുത്തിട്ടുണ്ട് സിഎംഡി. തൊഴിലാളി സംഘടനകളെല്ലാം നിരസിച്ച നിര്‍ദേശമായിരുന്നു ഇത്. എന്നാല്‍ അത് വകവയ്ക്കാതെ ഉത്തരവായി പുറപ്പെടുവിക്കുകയാണ് മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി കെഎസ്‍ആര്‍ടിസി മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് തികച്ചും തൊഴിലാളി വിരുദ്ധമായ സമീപനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. കൃത്യമായ വരുമാനം ലഭിക്കുന്ന മാസങ്ങളില്‍ പോലും അനാവശ്യമായി ശമ്പളം വൈകിപ്പിക്കുകയെന്ന പ്രവണതയുമുണ്ട്. ജോലി ചെയ്ത വേതനത്തിനുപോലും കോടതികളെ സമീപിക്കേണ്ട ഗതികേടിലാണ് പലപ്പോഴും തൊഴിലാളികള്‍. അത്തരം അവസരങ്ങളില്‍ കടുത്ത പരാമര്‍ശങ്ങള്‍ മാനേജ്മെന്റിനെതിരെ കോടതികളുടെ ഭാഗത്തുനിന്ന് പല തവണയുണ്ടായി. ശമ്പളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് വരെ കോടതിക്ക് പറയേണ്ടിവന്നത് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ കേള്‍ക്കേണ്ടിവന്നതും പിടിപ്പുകേട് മനസിലാക്കിയതും കൊണ്ടായിരിക്കണം.


ഇതുകൂടി വായിക്കൂ:  കെഎസ്ആർടിസി തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം


പിരിഞ്ഞുപോകുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും വച്ചുതാമസിപ്പിക്കുന്ന സമീപനവും മാനേജ്മെന്റ് സ്വീകരിക്കുന്നു. സ്ഥാപനം തന്നെ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടനുസരിച്ച് 2022 ജനുവരിക്ക് ശേഷം വിരമിച്ച 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 23 പേർക്കുമാത്രമാണ് ആനുകൂല്യം നൽകിയത്. അവശേഷിക്കുന്നവര്‍ക്ക് ആനുകൂല്യം നൽകുന്നതിന് രണ്ട് വർഷത്തെ സാവകാശം വേണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി അക്കാര്യത്തിലും കര്‍ശന നിര്‍ദേശം നല്കിയിരിക്കുകയാണ്. മാര്‍ച്ച് 31 നകം ഒരു ലക്ഷം രൂപ നല്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്കുന്നതിന് വരുമാനത്തിന്റെ പത്തു ശതമാനം നീക്കിവയ്ക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യം കൃത്യമായി നടപ്പിലാക്കാത്തതിന് വിമര്‍ശിച്ച കോടതി ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്ന് ആരായുകയുണ്ടായി. സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെയോ കോടതികളെപ്പോലുമോ അംഗീകരിക്കാതെയാണ് മാനേജ്മെന്റ് മുന്നോട്ടുപോകുന്നതെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. അതിനെല്ലാമപ്പുറം സംസ്ഥാനത്ത് ഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധവുമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍. ഒരു ഘട്ടത്തില്‍ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കണമെന്ന അഭിപ്രായം പോലും സിഎംഡിയുടെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ ദിവസം ടാര്‍ഗറ്റിനനുസരിച്ച് വേതനമെന്ന ഉത്തരവ് സിഎംഡി പുറപ്പെടുവിച്ചപ്പോള്‍ അത് ചെയ്യാന്‍ മാനേജ്മെന്റിന് സ്വാതന്ത്ര്യമുണ്ടെന്ന സമീപനമാണ് വകുപ്പ് മന്ത്രി സ്വീകരിച്ചത്. സ്വയംപര്യാപ്തതയിലെത്തിക്കാൻ വേണ്ടി മാനേജ്മെന്റ് എടുത്ത തീരുമാനമാണതെന്ന് ന്യായീകരിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യകരമായ സമീപനമാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.


ഇതുകൂടി വായിക്കൂ: നവകേരളത്തിന്റെ തുടര്‍ച്ചയ്ക്ക്


കെഎസ്‍ആര്‍ടിസി മാത്രമല്ല പൊതുഗതാഗത സംവിധാനമാകെ പ്രതിസന്ധി നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതുസംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ യാത്രയ്ക്ക് കൂടുതലായും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നുവെന്നും യാത്രക്കാരുടെ എണ്ണത്തില്‍ പകുതിയോളം കുറവുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈയൊരു പശ്ചാത്തലം കൂടിയുള്ളപ്പോള്‍ സ്ഥാപനം നഷ്ടത്തിലാകുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തൊഴിലാളികളുടെ മേല്‍ ചാരുന്നത് മുതലാളിത്ത സമീപനമാണ്. സ്ഥാപനത്തെ എങ്ങനെ ലാഭകരമാക്കാമെന്ന ആലോചനകളും അതിനുള്ള നടപടികളുമാണ് മികച്ച മാനേജ്മെന്റില്‍ നിന്നുണ്ടാകേണ്ടത്. അത് നടപ്പിലാക്കുന്നതില്‍ തൊഴിലാളികളെകൂടി വിശ്വാസത്തിലെടുക്കണം. അവരാണ് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്. ഇതൊരു പൊതുമേഖലാ സംരംഭമാണെന്ന രീതിയിലുള്ള സമീപനം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുകയും വേണം. അതല്ലാതെ എല്ലാത്തിനും തൊഴിലാളികളെ കുറ്റപ്പെടുത്തുകയും അവരുടെ ആനുകൂല്യങ്ങള്‍ കവരുകയും വൈകിപ്പിക്കുകയും ചെയ്യുക എന്നത് നല്ല മാനേജ്മെന്റിന്റെ പ്രവണതയല്ല.

Exit mobile version