Site icon Janayugom Online

കെ എസ് ആർ ടി സി റിപ്പോർട്ടുകൾ സത്യവിരുദ്ധം:
 മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: കെ എസ് ആർ ടി സി മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പലതും സത്യവിരുദ്ധമാണെന്ന് കമ്മീഷൻ. ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ കൃത്യതയോടും സത്യസന്ധമായും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കെ എസ് ആർ ടി സി സ്റ്റാന്റുകളിലെ കുണ്ടും കുഴിയും ഗർത്തങ്ങളും നന്നാക്കണമെന്നാവശ്യപ്പട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്.

സ്റ്റാന്റും ഡിപ്പോയും ശുചിയായി സൂക്ഷിക്കുന്നുവെന്നാണ് കെ എസ് ആർ ടി സി സമർപ്പിച്ച റിപ്പോർട്ട്. ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, അടൂർ സ്റ്റേഷനുകളിലെ നിലവിലെ സ്ഥിതി പരിശോധിക്കണം. ഡിപ്പോ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഡിപ്പോകൾക്ക് നൽകിയ നിർദ്ദേശങ്ങളും ഉത്തരവുകളും പരിശോധനക്കായി കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സബ് ഡിപ്പോകൾ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഏതെങ്കിലും ബസ് സ്റ്റാന്റിൽ കുണ്ടും കുഴിയും അവശേഷിക്കുന്നുണ്ടെങ്കിൽ അത് നികത്തി നിരപ്പാക്കാൻ ഡിപ്പോ അധികൃതർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ് കമ്മീഷൻ തള്ളിയത്. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാവേലിക്കര ജി സാമുവേൽ നൽകിയ പരാതിയിലാണ് നടപടി.

Exit mobile version