Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി: 1117 ബസുകളുടെ കാലാവധി രണ്ടുവര്‍ഷം നീട്ടി

നാളെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന 1117 കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി 2026 സെപ്തംബര്‍ 30 വരെ ഗതാഗത വകുപ്പ് നീട്ടി. ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്റെ 153 മറ്റ് വാഹനങ്ങളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ഒരുമിച്ച് ഇത്രയും ബസുകള്‍ പിൻവലിക്കുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന എം.ഡിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സമയം നീട്ടിനല്‍കിയത്.

ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്. നേരത്തെ ഒരുവര്‍ഷം നീട്ടിയിരുന്നു. ബസുകളുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. റദ്ദാക്കുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയ ബസുകള്‍ വാങ്ങാൻ ധനസഹായം അനുവദിച്ചിട്ടില്ലെന്നതും പ്രൈവറ്റ് ബസുകളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തിയതും എംഡി ചൂണ്ടിക്കാട്ടിയിരുന്നു. 

കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം കാലാവധി കഴിഞ്ഞ ബസുകൾ പൊളിച്ചുമാറ്റണം. എന്നാല്‍ കാലാവധി രണ്ട് വർഷം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച് മുമ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയിരുന്നു. 15 വർഷം പിന്നിട്ടെങ്കിലും മിക്ക ബസുകളും നല്ല കണ്ടീഷനിൽ ഉള്ളവയാണെന്നും അതിനാല്‍ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രത്തില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാതെ വന്നത് കൂടി കണക്കിലെടുത്താണ് ബസുകളുടെ കാലാവധി നീട്ടി ഗതാഗത സെക്രട്ടറി ഉത്തരവിറക്കിയത്. 

Exit mobile version