Site iconSite icon Janayugom Online

രാത്രിയില്‍ വനിതകള്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ കെഎസ്ആർടിസി നിര്‍ത്തും

KSRTCKSRTC

സ്ത്രീ യാത്രക്കാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ കെഎസ്ആർടിസി ബസ് നിര്‍ത്തി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയും, സൗകര്യവും മുൻനിർത്തിയാണ് പുതിയ ഉത്തരവ്. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകള്‍ നിര്‍ത്തിക്കൊടുക്കാനാണ് സിഎംഡിയുടെ നിര്‍ദേശം. 16 മിന്നൽ ബസുകൾ ഒഴികെയുള്ള എല്ലാ ബസുകളിലും ഈ നിര്‍ദേശം നടപ്പിലാക്കും.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നൽ ഒഴികെ എല്ലാ സർവീസുകളും സ്ത്രീ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിരുന്നു.

എന്നാൽ ആ തീരുമാനം ദുരുപയോഗം ചെയ്യുകയും സൂപ്പർ ക്ലാസ് ബസുകൾ അടക്കം എല്ലായിടത്തും നിർത്തണം എന്ന ആവശ്യം വ്യാപകമായി ഉയരുകയും ചെയ്തു. ഇത് ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ബസുകള്‍ താമസിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായെന്ന് കെഎസ്ആര്‍ടിസി പത്രക്കുറിപ്പില്‍ അറിയിച്ചു. രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഒറ്റക്ക് ഇറക്കിവിടുന്നത് ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: ksrtc bus­es to stop at night at the request of women passengers
You may also like this video

Exit mobile version