Site iconSite icon Janayugom Online

കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിനെതിരേ കെ എസ് യുവില്‍ പടയൊരുക്കം

കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ സംഘടനയ്ക്കുള്ളില്‍ ഗ്രൂപ്പ് നീക്കം. ഒരു ടേം കൂടി അഭിജിത്ത് പ്രസിഡന്റായി തുടരട്ടെ എന്ന ഔദ്യോഗിക തീരുമാനത്തിനെതിരേയാണ് ഒരു വിഭാഗം നിലകൊള്ളുന്നത്.

കഴിഞ്ഞദിവസം നേതാക്കള്‍ തമ്മിലുള്ള വാട്സാപ്പ് സംഭാഷണം പുറത്തു വന്നിരുന്നു. ഇതോടെയാണ് പ്രസിഡന്റിനെതിരായ നീക്കം പുറത്തായത്. എ ഗ്രൂപ്പ് നേതാവാണ് അഭിജിത്ത്. ഭാരവാഹികള്‍ എല്ലാവരും രാജി വെച്ച് പ്രായപരിധി അനുസരിച്ച് പുനഃസംഘടന നടത്തണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം. സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുല്‍ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവരാണ് കമ്മിറ്റി മൊത്തം മാറണം എന്നവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നു സാമൂഹ്യമാധ്യത്തിലൂടെ അഭിപ്രായം ഉയരുന്നു.

സ്വകാര്യ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷമാണ് കെ എസ് യു കമ്മിറ്റിയുടെ കാലാവധി. എന്നാല്‍ അഞ്ചുവര്‍ഷമായിട്ടും പുനഃസംഘടന നടത്താതെ ഏതുവിധേനയും കടിച്ചുതൂങ്ങാനാണ് പ്രസിഡന്റ് കെ.എം. അഭിജിത്ത് ശ്രമിക്കുന്നതെന്നാണ് മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നത്, ബ്ലോക്ക് പ്രസിഡന്റുമാരെയും സെനറ്റ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കില്ലെന്ന് പറയുന്നത് പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത അടുപ്പക്കാരായ കടലാസ് ഭാരവാഹികളെ നിയമിക്കാനുള്ള പ്രഡിഡന്റിന്റെ ശ്രമമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മറ്റ് സംസ്ഥാന ഭാരവാഹികളും അഭിപ്രായപ്പെടുന്നു

ചര്‍ച്ചയില്‍ പങ്കെടുത്ത എ എ അജ്മല്‍ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫും കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനെ നിലനിര്‍ത്തിക്കൊണ്ടുള്ള പുനഃസംഘടനയെ എതിര്‍ക്കുന്നവരാണ്. കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്റെ ഇടപെടല്‍ ദുര്‍ബലമായിരുന്നു എന്ന വാട്‌സാപ്പ് ഗ്രൂപ്പിലുള്ള അഭിപ്രായത്തിന് പ്രതികരണമായാണ് അഭിജിത്തിനെതിരേ വിരുദ്ധാഭിപ്രായം ഉയര്‍ന്നത്.

വൈസ് പ്രസിഡന്റുമാരെല്ലാം ഐ വിഭാഗക്കാരാണ്. കെ എസ് യുവിന്റെ പ്രായപരിധി 27 വയസ്സാണ്. 2017 ലാണ് അഭിജിത്ത് കെ എസ് യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കഴിഞ്ഞ ജൂണില്‍ കെ എസ് യു പുനസംഘടന നടത്തണമെന്ന് കെ എം അഭിജിത്ത് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെയായിരുന്നു അഭിജിത്ത് ഇക്കാര്യം ഉന്നയിച്ചിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അഭിജിത്ത്.

Eng­lish Sum­ma­ry:  KSU is prepar­ing for war against KSU state pres­i­dent Abhijit

You may also like this video:

Exit mobile version