Site iconSite icon Janayugom Online

കേരളത്തെ ക്ലീനാക്കാൻ കെഎസ്ഡബ്ല്യുഎംപിയുടെ ‘ക്ലീൻ കേരള ആന്തം’

പച്ചപ്പട്ടണിഞ്ഞ കേരളത്തിന് മേൽ പടരുന്ന മാലിന്യത്തിന്റെ ഭീഷണിക്കെതിരെ ഓരോ മലയാളിയെയും ഉണർത്താൻ ലക്ഷ്യമിട്ട് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) തയ്യാറാക്കിയ ‘ക്ലീൻ കേരള ആന്തം’ പുറത്തിറങ്ങി. പുതിയ മാലിന്യമുക്ത സംസ്കാരത്തിലേക്ക് കേരളത്തെ കൈപിടിച്ച് ഉയർത്തുന്നതിന്റെ ഭാഗമായാണ് കെഎസ്ഡബ്ല്യുഎംപി മുൻകൈയടുത്ത് ക്ലീൻ കേരള ആന്തം തയ്യാറാക്കിയത്. ദൈവത്തിന്റെ സ്വന്തം നാടല്ലേ… പച്ചപ്പും പുഴയുമഴകല്ലേ? എന്നു തുടങ്ങുന്ന ഗാനം മാലിന്യമില്ലാത്ത സുന്ദര കേരളം എന്ന ഓരോ മലയാളിയുടെയും സ്വ‌പ്നത്തിന് ഈണവും താളവും പകരുന്നതാണ്. നൃത്തവും ഹിപ്-ഹോപ് റാപ്പും കോർത്തിണക്കിയാണ് ഗാനം ഒരുക്കിയിട്ടുള്ളത്. ശ്രദ്ധേയമായ റാപ്പും എനർജറ്റിക്കായ നൃത്തവുമാണ് വീഡിയോയുടെ ഏറ്റവും വലിയ ആകർഷണം. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം, എന്റെ കേരളം, എന്റെ അഭിമാനം’ എന്ന ശക്തമായ മുദ്രാവാക്യമാണ് ഗാനത്തിലുള്ളത്.

മാലിന്യം റോഡിൽ തള്ളുന്നത് നാണക്കേടാണെന്നും പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യങ്ങളും കൃത്യമായി വേർതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുന്നതാണ് ശരിയായ ‘ട്രെൻഡ്’ എന്നും ഈ ഗാനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നു. മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്തുടനീളം കെഎസ്ഡബ്ല്യുഎംപി അത്യാധുനിക സാംസ്‌കരണ സംവിധാനങ്ങളും പ്ലാന്റുകളും സ്ഥാപിക്കുന്ന നിർണായകമായ ഒരു കാലഘട്ടം കൂടിയാണിത്. എന്നാൽ, ജനങ്ങൾ വീടുകളിൽ തന്നെ മാലിന്യം കൃത്യമായി തരംതിരിച്ചാൽ മാത്രമേ ഈ മുന്നേറ്റങ്ങൾ വിജയം കാണുകയുള്ളൂവെന്നും ഈ സംഗീത വീഡിയോ സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.

കെഎസ്ഡബ്ല്യുഎംപിക്ക് വേണ്ടി ഗാനം ഒരുക്കിയത് ബിവേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസാണ്.ഇൻസ്റ്റാഗ്രാം റീലുകളായും യൂ ട്യൂബ് ഷോർട്ട്സുകളായും സോഷ്യൽ മീഡിയ ഡാൻസ് ചലഞ്ചുകളായും ഗാനം ജനങ്ങളിലേക്കെത്തും. സ്പോട്ടിഫൈ (Spo­ti­fy) ഉൾപ്പെടെയുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് ആപ്പുകളിലൂടെ പാട്ട് കേൾക്കാനുമാകും.

https://youtu.be/aJaYsvNkfRg?si=61dcao3PJiz6RlQF

Exit mobile version