Site iconSite icon Janayugom Online

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി ഹരിത അയൽക്കൂട്ടങ്ങളാകും

ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി ഹരിത അയൽക്കൂട്ടങ്ങളാകും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അയൽക്കൂട്ടങ്ങളെ ഹരിതവൽക്കരിക്കുന്നതിന്റെ വിപുലമായ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളും 2025 ഫ്രെബ്രുവരിയോടെ ഹരിത അയൽക്കൂട്ടങ്ങളാകും. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എഡിഎസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങൾക്ക് ഹരിത ഗ്രേഡിങും നടത്തും.

ഡിസംബർ 31നകം മുഴുവൻ ഗ്രേഡിങും പൂർത്തീകരിക്കും. ഗ്രേഡിങിൽ അറുപത് ശതമാനത്തിലധികം സ്കോർ നേടുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകും. 60 ശതമാനത്തില്‍ താഴെ സ്കോർ ചെയ്യുന്ന അയൽക്കൂട്ടങ്ങളെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിലെ 22971 അയൽക്കൂട്ടങ്ങളിലും ഈ പ്രവർത്തനങ്ങൾ നടക്കും. അതോടൊപ്പം 1384 എഡിഎസുകളും 80 സിഡിഎസുകളും ഗ്രേഡിങ് നടത്തി ഹരിത എഡിഎസ് സിഡിഎസുകളായി പ്രഖ്യാപിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി വിപുലമായ സർവേ നടത്തും. 

വാർഡുതലത്തിൽ തെരഞ്ഞെടുത്ത 5000 കുടുംബശ്രീ വളണ്ടിയർമാർ സർവേ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഇതോടൊപ്പം എഡിഎസ്, സിഡിഎസ് തല ഗ്രേഡിങും പൂർത്തിയാക്കും. ഡിസംബർ 30ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യം. വീടുകളിൽ ശരിയായ രീതിയിൽ മാലിന്യ സംസ്ക്കരണം നടക്കുന്നുണ്ടോ എന്നും നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിന് അയൽക്കൂട്ടാംഗങ്ങൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ടോ എന്നും അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ നിരോധിത ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നും ഉറപ്പാക്കണം. അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്നും ഗ്രേഡിംഗിൽ ഉൾപ്പെടുത്തും.

Exit mobile version