Site iconSite icon Janayugom Online

മലയാളികള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍

marketmarket

മലയാളികള്‍ക്ക് ആശ്വാസമായി കൂടുംബശ്രീയുടെ വിഷു ചന്തകള്‍. സംസ്ഥാനമൊട്ടാകെ 1070 കുടുംബശ്രീ സിഡിഎസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചു. ഈ മാസം 17 വരെ നീണ്ടുനില്‍ക്കുന്ന വിഷു ചന്തകളാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍ ആരംഭിച്ചത്.
കാര്‍ഷിക ഗ്രൂപ്പുകളുടെ ഉല്പന്നങ്ങള്‍, സൂക്ഷ്മ സംരംഭങ്ങളുടെ ഉല്പന്നങ്ങള്‍ എന്നിവയുടെ വില്പനയ്ക്കൊപ്പം ഫുഡ് ഫെസ്റ്റിവെലും ഉള്‍പ്പെടുത്തിയാണ് ചന്തകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 7500 ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കും പതിനായിരത്തോളം സംരംഭകര്‍ക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നാണ് കുടുംബശ്രീയുടെ വിലയിരുത്തല്‍. അച്ചാര്‍, ചിപ്സ്, പപ്പടം, വെളിച്ചെണ്ണ, വെള്ളരി, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തുടങ്ങിയവ വിഷു ചന്തയില്‍ നിന്ന് വാങ്ങാന്‍ കഴിയും. 

ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും വിഷുവിപണിയില്‍ ലഭിക്കും. വനിതാ കാര്‍ഷിക സംഘങ്ങള്‍ ജൈവകൃഷി രീതിയില്‍ ഉല്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും വിഷു ചന്തയില്‍ ഉണ്ട്. വിഷു വിപണിയിലേക്ക് പരമാവധി ഉല്പന്നങ്ങളെത്തിക്കാനുള്ള ചുമതല ഓരോ സിഡിഎസിലും രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിക്കാണ്. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഈ സമിതി ഉറപ്പു വരുത്തും.
മേളയില്‍ എത്തുന്ന ഉല്പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള വിഷു ചന്തകള്‍ വഴി അഞ്ച് കോടിയോളം രൂപയുടെ വരുമാനമാണ് ലഭിക്കാറുള്ളത്. ഇത്തവണയും ഇതിന് സമാനമായ തുക ലഭിക്കുമെന്നാണ് കുടുംബശ്രീയുടെ വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Kudum­bashree­’s Vishu Chan­tas bring relief to Malayalees

You may also like this video

Exit mobile version