Site iconSite icon Janayugom Online

കുഫോസും ബേ ഓഫ് ബംഗാൾ പ്രോഗ്രാമും പഠന ഗവേഷണ രംഗങ്ങളിൽ സഹകരിക്കും

കൊച്ചി – ബംഗാൾ ഉൾക്കടലിൻറെ തീരങ്ങൾ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഓഫ് ബംഗാൾ പ്രോഗ്രാമും സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) പഠന, ഗവേഷണ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം കുഫോസ് വൈസ് ചാൻസലർ ഡോ. കെ.റിജി ജോണിൻറെ സാന്നിധ്യത്തിൽ ഫിഷറീസ് ഡീൻ ഡോ.റോസിലിൻറ് ജോർജും ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഡയറക്ടർ ഡോ.പി.കൃഷ്ണനും ഒപ്പുവെച്ചു. ബംഗ്ളാദേശ്, മാലി ദ്വീപ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ബേ ഓഫ് ബംഗാൾ പ്രോഗ്രാമിലെ അംഗങ്ങൾ. ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ,തായ് ലാൻറ് എന്നീ രാഷ്ട്രങ്ങൾ ബേ ഓഫ് ബംഗാൾ പ്രോഗ്രാമുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 

ബംഗാൾ ഉൾക്കടലിലെ മത്സ്യസമ്പത്തിൻറെ സുസ്ഥിരമായ സംരക്ഷണത്തിലൂടെ ഉൾക്കടിലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ജീവനോപാധികൾ പരിരക്ഷിക്കുക, ഉൾക്കടിലെ കാലാവാസ്ഥ വ്യതിയാനം കരയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നിവയാണ് ബേ ഓഫ് ബംഗാൾ പ്രോഗ്രാമിൻറെ പ്രവർത്തന മേഖലകൾ. ധാരണാപത്രം അനുസരിച്ച് കുഫോസിലെ വിദ്യാർത്ഥികൾക്ക് ബേ ഓഫ് ബംഗാൾ പ്രോഗ്രാമിൻറെ ചെന്നൈ ഉൾപ്പടെയുള്ള റിസർച്ച് സ്റ്റേഷനുകളുടെ സൌകര്യങ്ങൾ പഠനാവിശ്യത്തിനായി പ്രയോജനപ്പെടുത്താമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ പറഞ്ഞു. 

അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഇന്ത്യാമഹാസമുദ്രത്തിലെ കാലാവസ്ഥ വ്യതിയാനം ആഴത്തിൽ അപഗ്രഥിക്കാനായി ഇരു സ്ഥാപനങ്ങളും ചേർന്ന് സംയുക്ത ഗവേഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. ചെന്നെയിൽ ധാരണാപത്രം കൈമാറ്റചടങ്ങിൽ മാലിദ്വീപ് അഗ്രികൾച്ചർ- ഫിഷറീസ് മന്ത്രാലയം ഡയറക്ടർ അഹമ്മദ് ഷിഫാസ്, ബംഗ്ളാദേശ് ഫിഷറീസ് ഡയറക്ടർ ഡോ.ഷെറീഫ് ഉഡിൻ, ബംഗ്ളാദേശ് ഫിഷറീസ് ജോ.സെക്രട്ടറി സുബ്രതാ ഭൌമിക്, ലോക ഭക്ഷ്യാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞനായ ഡോ.ദിലീപ്കുമാർ, ശ്രീലങ്കയുടെ ഫിഷറീസ് ടെക്നിക്കൽ ഡയറക്ടർ ദാമിക റണതുംഗെ, മാംഗ്ളൂർ ഫിഷറീസ് കോളേജ് ഡീൻ ഡോ.ശിവകുമാർ മഗഡ, കുഫോസ് അക്വാകൾച്ചർ വകുപ്പ് മേധാവി ഡോ.കെ.ദിനേഷ് എന്നിവരും പങ്കെടുത്തു.

ഫോട്ടോ — ബംഗാൾ ഉൾക്കടലിൻറെ തീരങ്ങൾ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഓഫ് ബംഗാൾ പ്രോഗ്രാമും കുഫോസും പഠന ഗവേഷണ രംഗങ്ങളിൽ സഹരിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രം ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഡയറക്ടർ ഡോ.പി.കൃഷ്ണനും കുഫോസ് ഫിഷറീസ് ഡീൻ ഡോ.റോസിലിൻറ് ജോർജും കൈമാറുന്നു. മാലിദ്വീപ് അഗ്രികൾച്ചർ- ഫിഷറീസ് മന്ത്രാലയം ഡയറക്ടർ അഹമ്മദ് ഷിഫാസ്, ബംഗ്ളാദേശ് ഫിഷറീസ് ഡയറക്ടർ ഡോ.ഷെറീഫ് ഉഡിൻ, കുഫോസ് അക്വാകൾച്ചർ വകുപ്പ് മേധാവി ഡോ.കെ.ദിനേഷ്, ബംഗ്ളാദേശ് ഫിഷറീസ് ജോ.സെക്രട്ടറി സുബ്രതാ ഭൌമിക്, കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ, ലോക ഭക്ഷ്യാരോഗ്യ സംഘടന ശാസ്ത്രജ്ഞൻ ഡോ.ദിലീപ്കുമാർ, ശ്രീലങ്ക ഫിഷറീസ് ടെക്നിക്കൽ ഡയറക്ടർ ദാമിക റണതുംഗെ, മാംഗ്ളൂർ ഫിഷറീസ് കോളേജ് ഡീൻ ഡോ.ശിവകുമാർ മഗഡ എന്നിവർ സമീപം.

Eng­lish Summary:Kufos and the Bay of Ben­gal Pro­gram will col­lab­o­rate on research and development
You may also like this video

Exit mobile version