നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കുഫോസ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കെ റിജി ജോണ്‍ സുപ്രീം കോടതിയില്‍. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന റിജി ജോണിന്റെ ആവശ്യം കണക്കിലെടുത്ത് ഹര്‍ജി നാളേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിലാണുള്ളത്. അതിനാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ വൈസ് ചാന്‍സലര്‍ നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ല. യുജിസിയുടെ 1998, 2010, 2018 വര്‍ഷങ്ങളിലെ ചട്ടങ്ങളുടെ പരിധിയില്‍ നിന്നും കാര്‍ഷിക സര്‍വകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോണിന്റെ ഹര്‍ജിയില്‍ പറയുന്നു.
വിസി സ്ഥാനത്തേക്ക് വിദേശ സര്‍വകലാശാലാ പിഎച്ച്ഡി യോഗ്യതയുള്ള ഏക അപേക്ഷകന്‍ താന്‍ മാത്രമായിരുന്നു. അതിനാലാണ് സെര്‍ച്ച് കമ്മിറ്റി പേരുകളുടെ പാനലിനു പകരം തന്റെ പേരുമാത്രം ചാന്‍സലര്‍ക്ക് കൈമാറിയതെന്നും അഭിഭാഷക ആനി മാത്യു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ റിജി ജോണ്‍ ഉന്നയിക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റിജി ജോണിനെ വിസി സ്ഥാനത്തുനിന്നും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ച വിസിമാരുടെ പട്ടികയില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. സുപ്രീം കോടതി ഹര്‍ജിയില്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തില്‍ നിര്‍ണായകമാകും.
എംജി സര്‍വകലാശാലയും സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ എംജി സര്‍വകലാശാല സുപ്രീം കോടതിയില്‍. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ച് സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഹര്‍ജി. അധ്യാപക നിയമനത്തില്‍ അഭിമുഖത്തിന് സര്‍വകലാശാല മാനദണ്ഡങ്ങള്‍ മാറ്റാന്‍ കോടതി ഇടപെടുന്നതിലെ അനൗചിത്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary : Kufos VC appointment: Petition in Supreme Court against High Court order
You may also like this video