ഉന്നാവോ ബലാത്സംഗകേസുമായി ബന്ധപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറിനെ കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയുടേതാണ് നടപടി. കുൽദീപിനും മറ്റ് അഞ്ചുപേർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെയുടേതാണ് നിരീക്ഷണം.
2019നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും അഭിഭാഷകനും പെൺകുട്ടിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.അപകടത്തിന് പിന്നാലെ സെംഗാറിനും കൂട്ടാളികൾക്കുമെതിരെ യുപി പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിൽ യുവതിയെയും ബന്ധുക്കളെയും കൊലപ്പെടുത്താൻ കുൽദീപും സംഘവും ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടി കോടതിയിൽ തെളിവുകൾ നൽകുന്നത് തടയാനായിരുന്നു കൊലപാതക ആസൂത്രണമെന്ന് ചൂണ്ടിക്കാട്ടി സിബിഐ കണ്ടെത്തലുകൾക്കെതിരെ പെൺകുട്ടിയുടെ അമ്മാവൻ ഹർജി നൽകിയിരുന്നു. സെംഗാറിനെ കൂടാതെ ഗ്യാനേന്ദ്ര സിങ്, കോമൾ സിങ്, അരുൺ സിങ്, റിങ്കു സിങ്, ആദേശ് സിങ് എന്നിവരാണ് കുറ്റവിമുക്തരായ മറ്റ് അഞ്ചുപേർ.
english summary; Kuldeep Singh Sengar was acquitted
you may also like this video;