കാളികാവിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കുംകിയാന പാപ്പന് ഗുരുതരമായി പരിക്കേറ്റു. ദൗത്യത്തിന് ഉപയോഗിച്ച കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാനായ ചന്തുവിനെ ആക്രമിച്ചത്. പാപ്പാന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
മിംസ് ഹോസ്പിറ്റലിലെ ഡോക്ടർ അജ്മൽ നൽകിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, പാപ്പാന്റെ കഴുത്തിന് മുൻവശത്താണ് പരിക്ക്. ആനയുടെ കൊമ്പു കൊണ്ടതാണ് പരിക്ക്. രക്തസ്രാവം നിയന്ത്രണവിധേയമാക്കിയ ശേഷം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയ ഉണ്ടാകുമെന്നും ഡോക്ടർ അറിയിച്ചു.കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്.

