Site iconSite icon Janayugom Online

ഷിൻഡെയെ വിമര്‍ശിച്ച കുനാല്‍ കമ്രയുടെ സ്റ്റുഡിയോ പൊളിച്ചുനീക്കി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വിമര്‍ശിച്ച സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ സ്റ്റുഡിയോ പൊളിച്ചുനീക്കി. കയ്യേറ്റ ഭൂമിയെന്നാരോപിച്ച് മുംബൈ മുനിസിപ്പൽ കോർപറേഷന്റേതാണ്(ബിഎംസി) നടപടി. ശിവസേന പ്രവർത്തകര്‍ സ്റ്റുഡിയോ അടിച്ചുതകര്‍ത്തതിന് പിന്നാലെയായിരുന്നു കോര്‍പറേഷന്റെ നടപടി. മുംബൈയിലെ ഒരു ഹോട്ടലിൽ ഞായറാ‍ഴ്ച നടന്ന പരിപാടിക്കിടെയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്. പിന്നാലെ കമ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. കമ്ര മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തി.

എന്നാല്‍ ഷിൻഡെയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ തനിക്ക് ഖേദമില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രമേ മാപ്പ് പറയൂ എന്നും കമ്ര വ്യക്തമാക്കി. ഷിൻഡെയെ ലക്ഷ്യമിടാൻ പ്രതിപക്ഷം പണം നൽകിയെന്ന ആരോപണം നിഷേധിക്കുന്നുവെന്നും തന്റെ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാമെന്നും കമ്ര പറ‍ഞ്ഞു.

അതിനിടെ കമ്രയ്ക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍ രംഗത്തുവന്നു. ഷോ ചിത്രീകരിച്ച മുംബൈയിലെ വേദി നശിപ്പിച്ച സംഭവത്തെയും ജയ ബച്ചന്‍ അപലപിച്ചു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയിരിക്കുന്നത്. 

Exit mobile version