Site iconSite icon Janayugom Online

‘ന്നാ താന്‍ കേസ് കൊട്’ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തിലേക്ക് നയിച്ചത്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യം. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

കുഞ്ചാക്കോ ബോബന്റെ പ്രതികരണം

ഇതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു. റോഡ് പണിയില്‍ അതോറിറ്റികള്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലായ്മയൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പറയുന്നു. ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. എന്തിനാണ് നമ്മള്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നത്? ഈ സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയുടെ ചിന്ത ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്നമുണ്ടാകുന്നുവെങ്കില്‍ അത് കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണ്.

Eng­lish sum­ma­ry; Kun­chacko Boban reacts to the ‘Nna Than Case Kod’ controversy

You may also like this video;

Exit mobile version