Site iconSite icon Janayugom Online

കുഞ്ഞന്‍പിള്ളസാറും ഭാര്‍ഗവിഅമ്മയും

ഒരു നൂറ്റാണ്ടിനുമപ്പുറത്തെ കാര്യമാണ്. കുഞ്ഞന്‍പിള്ളസാറും ഭാര്‍ഗവിഅമ്മയുമാണ് കഥാപാത്രങ്ങള്‍. ഭര്‍ത്താവും ഭാര്യയും. തലസ്ഥാന ജില്ലയില്‍ മുരുക്കുംപുഴ വെയിലൂര്‍ സ്വദേശികള്‍. സ്കൂള്‍ അധ്യാപകനായിരുന്ന കുഞ്ഞന്‍പിള്ളസാര്‍ ഒരൊന്നൊന്നര വിക്രമാദിത്യസിംഹന്‍, സര്‍ക്കാര്‍ സ്കൂളിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സ്കൂള്‍ തന്നെയുണ്ടാക്കി അതിന്റെ ഹെഡ്മാസ്റ്ററായി. അന്ന് കള്ളുഷാപ്പുകള്‍ നടത്താനുള്ള അവകാശം ഈഴവര്‍ക്ക് മാത്രമായിരുന്നു. കള്ളുഷാപ്പ് മുതലാളിയാവുന്നത് നായന്മാര്‍ക്ക് നിഷിദ്ധമായിരുന്നു. ഈ വിലക്കു ലംഘിക്കുന്നയാള്‍ക്ക് നായര്‍സമൂഹം അയിത്തം കല്പിക്കും. കുഞ്ഞന്‍പിള്ള പുലിക്കുട്ടിയുണ്ടോ വിടുന്നു. കഠിനംകുളത്ത് സ്വന്തമായി ഒരു കള്ളുഷാപ്പു തന്നെയങ്ങു തുടങ്ങി. അയിത്തം കല്പിക്കാനിറങ്ങിയവരെ കുഞ്ഞന്‍പിള്ളസാറും പരിവാരങ്ങളും ചേര്‍ന്ന് വീടുകയറി അടിച്ചൊതുക്കി. പിന്നീട് തന്റെ സ്കൂള്‍ സര്‍ക്കാരിനു ദാനം ചെയ്തു. ഇന്ന് മൂവായിരത്തോളം കുട്ടികളുള്ള വെയിലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി ആ വിദ്യാലയം വളര്‍ന്നിരിക്കുന്നു. കുഞ്ഞന്‍പിള്ളസാറിന്റെ ഏറ്റവും ഇളയ സഹോദരി ഭാരതി എന്ന രാജമ്മ തൊണ്ണൂറ്റേഴാം വയസില്‍ ഇന്നും കണിയാപുരത്തു ജീവിച്ചിരിപ്പുണ്ട്. ഏറ്റവും മൂത്ത മകള്‍ ബേബിക്കുട്ടിയമ്മ തൊണ്ണൂറാം വയസില്‍ ഇപ്പോള്‍ തലസ്ഥാനത്ത് മണക്കാട്ടാണ് താമസം. ഇരുവരും പൂര്‍ണ ആരോഗ്യവതികള്‍. മുത്തശ്ശിക്കഥകളിലൂടെ ദേവിക കേട്ടറിഞ്ഞിട്ടുണ്ട് കുഞ്ഞന്‍പിള്ളസാറിന്റെയും ഭാര്‍ഗവിഅമ്മയുടെയും വിവാഹചരിത്രം. കല്യാണം കഴിക്കുമ്പോള്‍ കൊച്ചു കുഞ്ഞന്‍പിള്ളയ്ക്ക് പ്രായം വെറും ആറുവയസ്. വധുവിന് മൂന്ന് വയസ്. കുഞ്ഞന്റെ മാതാവ് എന്നും പുലര്‍ച്ചെ വധൂവരന്മാരെ നൂല്‍ബന്ധമില്ലാതെ എണ്ണതേയ്പിച്ചു നിര്‍ത്തും. കുളിപ്പിക്കാന്‍ സമയമാകുന്നതുവരെ മണവാളനും മണവാട്ടിയും തമ്മില്‍ അടിപിടിയും കുത്തിമറിയലുമാണ്. ആകെ ജഗപൊഗ! പതിമൂന്നാം വയസില്‍ ഭാര്‍ഗവിഅമ്മ മാതാവുമായി! ഇന്നായിരുന്നെങ്കിലോ ശൈശവ വിവാഹത്തിന്റെ പേരില്‍ വധൂവരന്മാരുടെ മാതാപിതാക്കളെ പിടിച്ച് അകത്തിടുമായിരുന്നില്ലേ. ഓരോ കാലഘട്ടത്തിലും കല്യാണവും പ്രസവവും ഒക്കെ ഇങ്ങനെയായിരിക്കും. വിവാഹപ്രായത്തിന് അന്നൊന്നും നിയതമായ പ്രായപരിധിയൊന്നുമില്ല. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും കണക്കനുസരിച്ച് ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം എട്ടു മുതല്‍ പതിനെട്ടു വയസുവരെയാണ്. ഋതുമതിയാവും മുമ്പുതന്നെ ശൈശവ വിവാഹങ്ങളുടെ തേരോട്ടമാണ് ഭൂലോകമാകെ. ലോകത്തെ നമ്പര്‍ വണ്‍ വികസിതരാജ്യമായ യുഎസിലെ 13 സ്റ്റേറ്റുകളില്‍ വിവാഹപ്രായം പോലും നിര്‍ണയിച്ചിട്ടില്ല. പന്ത്രണ്ടും പതിന്നാലും വയസിലെ വിവാഹങ്ങള്‍ അവിടെ ധാരാളം. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ യുഎസില്‍ നടന്നത് രണ്ടരലക്ഷത്തോളം ശൈശവ വിവാഹങ്ങള്‍.


ഇതുകൂടി വായിക്കാം; ചാമ്പിക്കോ രാഹുല്‍ജി ചാമ്പിക്കോ!


യൂറോപ്യന്‍‍ യൂണിയന്‍ രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ശരാശരി 14–16 വയസ്. 1880ല്‍ യുഎസിലെ ഡെലാവെയറില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് വെറും ഏഴേ ഏഴു വയസുമതി. യുഎസില്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ 48 ശതമാനം വിദ്യാര്‍ത്ഥികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. ശൈശവ വിവാഹം നിരോധിച്ച ഇന്ത്യയില്‍ യൂണിസെഫ് നടത്തിയ സര്‍വേയില്‍ 47 ശതമാനവും ശൈശവ വിവാഹങ്ങളായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം അതിനുമുമ്പുള്ള 10 വര്‍ഷങ്ങളില്‍ നടന്ന 4.63 കോടിയും കുട്ടിക്കല്യാണങ്ങള്‍. കാലം മാറുന്നതനുസരിച്ച് ഇപ്പോള്‍ അത് 30 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇതിനെല്ലാമിടയിലാണ് പ്രവാചകനിന്ദമാത്രം ഉന്നമിട്ട് നബിതിരുമേനി ഒന്‍പതുകാരിയായ അയിഷയെയും 65 കാരി സൗദയെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നത്. ബദര്‍‍‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകളെയും അനാഥബാലികമാരെയും നിക്കാഹ് കഴിച്ച് അവര്‍ക്ക് ഒരു ജീവിതം നല്കണമെന്ന് പ്രവാചകന്‍ കല്പിച്ചിട്ടുണ്ട്. അന്നത്തെ സാമൂഹ്യസ്ഥിതി കണക്കിലെടുത്ത് നബി തിരുമേനി കല്പിച്ചത് ഇസ്‌ലാമിലെ ആരെങ്കിലും പാലിക്കുന്നുണ്ടോ. ദ്വാപരയുഗത്തിന്റെ മനഃസാക്ഷിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ 16008 സഖിമാരുമൊത്ത് ജീവിച്ചെന്നു കരുതി ആരെങ്കിലും തനിക്ക് ആയിരക്കണക്കിന് ഭാര്യമാര്‍ വേണമെന്നു ശഠിക്കാറുണ്ടോ. ഇക്കാരണത്താല്‍ ശ്രീകൃഷ്ണനോടുള്ള ആരാധനാഭാവം തെല്ലു കുറഞ്ഞിട്ടുമില്ല. മാത്രമല്ല കൂടിയിട്ടേയുള്ളു. ഒരു ഭാര്യയെ വച്ചുപൊറുപ്പിക്കാനാവാതെ ചക്രശ്വാസം വലിക്കുന്ന ആധുനിക ഹിന്ദുകണവന്മാര്‍ക്ക് ശ്രീകൃഷ്ണനെക്കുറിച്ച് ആരാധന വര്‍ധിക്കുകയല്ലാതെ തരമില്ലല്ലോ. ഇതൊക്കെ മറന്നാണ് ബിജെപി നേതാക്കള്‍ പ്രവാചകനബിയെ ശിശുപീഡകനായി ചിത്രീകരിക്കുന്നത്. മഹാത്മാഗാന്ധി കസ്തൂര്‍ബയെ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്കും പ്രായം 14 ആയിരുന്നു. ഗാന്ധിജിക്ക് 13, അതുകൊണ്ട് ഗാന്ധിജി ശിശുപീഡകനാവുമോ, രാഷ്ട്രപിതാവല്ലാതാകുമോ! കാലം ഹിന്ദുമതത്തിനു വരദാനമായി നല്കിയ ശ്രീരാമകൃഷ്ണപരമഹംസന്‍ തന്റെ ഇരുപത്തി മൂന്നാം വയസില്‍ ശാരദാബായിയെ വിവാഹം ചെയ്യുമ്പോള്‍ മുലപ്പാല്‍ മണം മാറാത്ത ആ കുഞ്ഞിനു പ്രായം വെറും അഞ്ച്. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ കുലപതി തന്തൈ പെരിയോര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കര്‍ തന്റെ വാര്‍ധക്യത്തില്‍ വിവാഹം കഴിച്ചത് പതിമൂന്നുകാരി നാഗമ്മയെ. തിരുവിതാംകൂര്‍ രാജ്ഞിയും സ്വാതിതിരുനാളിന്റെ ഇളയമ്മയുമായ സേതു പാര്‍വതീ ഭായിയെ കിളിമാനൂര്‍ രാഘവവര്‍മ്മ കോയിത്തമ്പുരാന്‍ വേളികഴിച്ചത് തമ്പുരാട്ടിയുടെ പന്ത്രണ്ടാം വയസില്‍. മഹാകവി കുമാരനാശാന്‍ നാല്പത്തഞ്ചാം വയസില്‍ വിവാഹം കഴിച്ചത് ഭാനുമതി എന്ന ബാലികയെ. ‘മലയാള മനോരമ’ സ്ഥാപകന്‍ മാമ്മന്‍ മാപ്പിള വിവാഹം ചെയ്തത് പത്തുവയസുകാരിയെ. അടുത്ത വര്‍ഷം കെ എം മാത്യുവിനെ പ്രസവിക്കുകയും ചെയ്തു. ആധുനിക കാലഘട്ടത്തില്‍പ്പോലും ഇതെല്ലാം നടക്കുമ്പോഴാണ് 1500 വര്‍ഷം മുമ്പ് പ്രവാചകന്‍‍ ഒന്‍പതുകാരിയെ നിക്കാഹുകഴിച്ചെന്ന പഴമ്പുരാണവും ഉരുട്ടിക്കൊണ്ടുവരുന്നത്.

Exit mobile version