മുംബൈയിലെ കുര്‍ളയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരണം ഏഴായി. 43ലേറെപ്പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ സഞ്ജയ് മോറെ(54) യെ പൊലീസ് അറസ്റ്റ് ചെയ്തു.
കുര്‍ള വെസ്റ്റ് മാര്‍ക്കറ്റില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ഉടമസ്ഥതയിലുള്ള ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. 50 ലേറെ വാഹനങ്ങളില്‍ ഇടിച്ച ബസ് കാല്‍നടയാത്രാക്കാരെയും ഇടിച്ചുവീഴ്ത്തി. 300 മീറ്ററോളം ബസ് മുന്നോട്ടോടി. അതേസമയം ബസ് ഒരു ആയുധമായി ഉപയോഗിക്കപ്പെട്ടോ എന്നുള്ള വിവരങ്ങളടക്കം പരിശോധിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചു.
അമിതവേഗത്തിലെത്തിയ ബസ് ആദ്യം ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. തുടര്‍ന്ന് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകറി. അവസാനം അംബേദ്‌കര്‍ കോളനി ഗേറ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതോടെ പരിഭ്രാന്തനായ ഡ്രൈവർ അറിയാതെ ആക്‌സിലറേറ്റര്‍ ചവിട്ടി. തുടര്‍ന്ന് ബസിന്റെ വേഗം കൂടുകയും മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നു എന്നും നേരത്തെ പൊലീസ് അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ നാല് പൊലീസുകാരും ഉള്‍പ്പെടുന്നു.
ഡ്രൈവറെ കൂടുതല്‍ ചോദ്യംചെയ്തതോടെ പൊലീസിന് കൂടുതല്‍ സംശയം തോന്നുകയായിരുന്നു. തിരക്കേറിയ മേഖലയാണെന്ന് ഡ്രൈവര്‍ക്ക് അറിയാമായിരുന്നു. അതേസമയം വാഹനം നിയന്ത്രിക്കുന്നതിനുള്ള ഒരു ശ്രമവും ഡ്രൈവര്‍ നടത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. സഞ്ജയ് മോറെയെ കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.