Site iconSite icon Janayugom Online

കുർനൂൽ ബസ് അപകടം; മൂന്നാമതൊരു ബസ് ഡ്രൈവർക്കായി പൊലീസ് അന്വേഷണം

ആന്ധ്രപ്രദേശിലെ കുർനൂലിൽ ബസ് കത്തിയമർന്ന് 19 യാത്രക്കാർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ബസിന് തീപിടിച്ചത് ബൈക്കുമായി നേരിട്ട് കൂട്ടിയിടിച്ചല്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബൈക്ക് നേരത്തെ തന്നെ ഡിവൈഡറിൽ ഇടിച്ച് അപകത്തിൽ പെട്ടിരുന്നുവെന്നും പിന്നാലെയെത്തിയ മറ്റൊരു ചെറുബസിൽ കുടുങ്ങി റോഡിന് നടുവിൽ എത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ അനുമാനം. ഈ ബസിന്‍റെ ഡ്രൈവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസിപ്പോൾ.

ബൈക്ക് നടുറോഡിലെത്തി അൽപ സമയത്തിനുശേഷം ഇതുവഴി എത്തിയ കാവേരി ട്രാവൽസിന്‍റെ ബസ് ബൈക്കിൽ ഇടിക്കുകയും, ഇതുമായി മുന്നോട്ട് നീങ്ങുക‍യും ചെയ്തു. 300 മീറ്ററോളം റോഡിൽ ഉരഞ്ഞ്, തീപ്പൊരി വന്നതോടെ ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപടർന്നു. ബൈക്ക് അപടത്തിൽ പെടുമ്പോൾ അത് ഓടിച്ചിരുന്ന ശിവശങ്കർ തെറിച്ചുവീണത് ഡിവൈഡറിലേക്കാണ്. മദ്യലഹരിയിലായിരുന്നു അയാൾ. തലയിടിച്ചുവീണ ശിവശങ്കർ അപ്പോൾ തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന യെരിസ്വാമി ഡിവൈഡറിനു മുകളിലെ പുല്ലിലേക്ക് വീണതിനാൽ കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നും കുർനൂൽ ഡി.ഐ.ജി കെ. പ്രവീണിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബൈക്ക് അപകടം നടന്നതിനു സമീപത്തുള്ള പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റൊരു ബസിന്‍റെ ഡാഷ് ബോർഡ് ക്യാമറയിലെ ദൃശ്യങ്ങളുമാണ് പൊലീസ് ശേഖരിച്ചത്. ഈ സമയം 14 വാഹനങ്ങളാണ് കടന്നുപോയത്. ഒരു ചെറുബസിൽ കുടുങ്ങിയ ബൈക്ക് റോഡിന് നടുവിലെത്തി. ബസ് ഡ്രൈവർ അത് അവിടെതന്നെ ഉപേക്ഷിച്ച് കടന്നു. അതുവഴിയെത്തിയ 15-ാമത്തെ വാഹനമായിരുന്നു അപകടത്തിൽപ്പെട്ട കാവേരി ട്രാവൽസിന്‍റെ ബസ്. ബൈക്ക് റോഡിന് നടുവിൽനിന്ന് ഏതെങ്കിലും വശത്തേക്ക് ഒതുക്കിയിട്ടിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

Exit mobile version