Site iconSite icon Janayugom Online

കുര്‍ണൂല്‍ ബസ് ദുരന്തം; സുരക്ഷാ ലംഘനം പ്രധാന കാരണം

25 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കുര്‍ണൂല്‍ ബസ് അപകടത്തിന് പ്രധാന കാരണം സുരക്ഷാ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. ബൈക്കില്‍ ഇടിച്ച സമയത്ത് ബസ് നിര്‍ത്തിയിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമലംഘനങ്ങള്‍ക്ക് തെലങ്കാന മോട്ടോര്‍ വാഹന വകുപ്പിന്റെ 16 നോട്ടീസുകള്‍ അപകടത്തില്‍പ്പെട്ട ബസിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസിനെതിരെ ഇത്രയധികം നിയമ ലംഘനം നോട്ടീസുകള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്നിശമന ഉപകരണങ്ങളും വി ട്രാവല്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ബസില്‍ ഇല്ലായിരുന്നു.

നിരോധിത മേഖലയില്‍ പ്രവേശിക്കുക, അമിത വേഗത, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കും ഈ ബസിന് നോട്ടീസ് ലഭിച്ചിരുന്നു. 23,000 രൂപയാണ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ചുമത്തിയത്. ഹൈവേയിൽ വീണ ഒരു മോട്ടോർ സൈക്കിളിന് മുകളിലൂടെ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചുകയറുകയായിരുന്നു, ഫുൾ ടാങ്ക് ഇന്ധനം നിറച്ചതായി കരുതപ്പെടുന്ന ഇരുചക്ര വാഹനം ബസിനടിയിൽ കുടുങ്ങി, ഏകദേശം 300 മീറ്ററോളം ടാറിൽ വലിച്ചിഴച്ചു. ബൈക്കിന്റെ ടാങ്കിൽ നിന്നും ബസിന്റെ ഇന്ധന ടാങ്കിൽ നിന്നും ചോർന്ന പെട്രോൾ, റോഡിൽ നിന്നുള്ള ഘർഷണ തീപ്പൊരികൾ എന്നിവയുമായി ചേർന്ന് തീജ്വാല ആളിക്കത്തിച്ചതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

അപകടസമയത്ത് രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 43 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതായി കര്‍ണൂല്‍ റേഞ്ച് ഡിഐജി കോയ പ്രവീണ്‍ പറഞ്ഞു. ശിവ് ശങ്കര്‍ എന്ന വ്യക്തിയാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെമൂരി വിനോദ് ആണ് ട്രാവല്‍സ് ഉടമയെന്നും അദ്ദേഹം പറഞ്ഞു.

2018 ൽ ഒഡിഷയിൽ രജിസ്റ്റർ ചെയ്ത ഈ ബസിന് 2030 ഏപ്രിൽ 30 വരെ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ട്. 2027 മാർച്ച് 31 വരെ ഫിറ്റ്നസ് സാധുതയും അടുത്ത വർഷം ഏപ്രിൽ 30 വരെ ഇൻഷുറൻസ് കാലപരിധിയും ബസിനുണ്ടായിരുന്നു. അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, പ്രാഥമിക ശുശ്രൂഷയുടെ അഭാവം എന്നിവയാണ് ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നത്.

Exit mobile version