സംസ്ഥാനത്ത് കുറുവ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തുന്നവർ തദ്ദേശിയരാണെന്ന സംശയം ബലപ്പെടുന്നു. ആലപ്പുഴ ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയവർ തദ്ദേശിയരാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ഇക്കാര്യം പരിശോധിക്കുന്നത്. കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടിയതോടെയാണ് അപ്രതീക്ഷിതമായി പ്രതികൾ നാട്ടുകാരാണെന്ന് തിരിച്ചറിഞ്ഞത്. എസ്എൽ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുൺ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ് മാത്രമാണ് പ്രായം. ഇവർക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലിറങ്ങിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേർത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് പകർത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടത്. ആളുകളെ അപായപ്പെടുത്തി വലിയ കവർച്ചകൾ നടത്തുന്ന സംഘമാണ് ഇവരെന്ന പ്രചാരണമായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്. തിരുവിഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഓടിപ്പോകുന്നതും കാണാമായിരുന്നു. പൊലീസ് ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാർ തന്നെയാണ് ഈ മോഷണത്തിന് പിറകിലെന്ന് പൊലീസ് കണ്ടെത്തിയത്. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ കുറുവാസംഘമെന്ന ഭീതി ഇതോടെ ഒഴിവാകുകയാണ്. ഇവരെ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ പല തെക്കൻ ജില്ലകളിലും കുറുവാ സംഘമിറങ്ങിയെന്ന പ്രചാരണം സജീവമാണ്. അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ ഡിസംബർ 27-ാം തീയതി രാത്രി നടന്ന മോഷണശ്രമത്തിന് പിന്നിൽ കുറുവാ സംഘമാണെന്നായിരുന്നു വ്യാപകപ്രചാരണം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം, സിസിടിവിയിൽ കുടുങ്ങിയതോടെയാണ് കുറുവാസംഘമെന്ന പ്രചരണമുണ്ടായത്.
english summary; kuruva group; Three arrested in Alappuzha
you may also like this video;