മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കുതിരാൻ തുരങ്കത്തിന്റെ മാതൃകയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലായിരിക്കും ഇത് സജ്ജീകരിക്കുക. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ ഈ പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്. പുത്തൂരിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കൽ പാർക്കിന്റെ മാതൃക ആദ്യമായി ജനങ്ങൾക്ക് കാണാനും ഇവിടെ അവസരമൊരുക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെ പുതുതലമുറ‑ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയൻ. നമ്മുടെ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾ, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകൾ എന്നിവയെ കുറിച്ചുള്ള ആകർഷകമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.
റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്നോളജി പവലിയൻ. ഇവയെ കുറിച്ച് നേരിട്ടറിയാനും അനുഭവിക്കാനും പവലിയനിൽ അവസരമൊരുക്കും. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. കാർഷിക വികസന വകുപ്പിന് കീഴിൽ പ്രദർശന സ്റ്റാളുകൾക്ക് പുറമെ, കാർഷിക ഉൽപന്നങ്ങളുടെ ഔട്ട്ഡോർ ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഫാമുകൾ, നഴ്സറികൾ, കാർഷിക സർവകലാശാല തുടങ്ങിയവയുടെ ചെടികൾ, ഉൽപന്നങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കും.
ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള രണ്ട് സെഷനുകളിലായി കാലിക പ്രസക്തമായ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന സെമിനാറുകൾക്ക് മേഖലയിലെ പ്രമുഖർ നേതൃത്വം നൽകും. സംരഭകത്വം നാടിന്റെ വളർച്ചയ്ക്ക്, 14 ആം പഞ്ചവത്സര പദ്ധതിയും തദ്ദേശഭരണ സ്ഥാപനങ്ങളും, സുസ്ഥാരമായ നാളേക്കായി ലിംഗസമത്വം ഇന്നുതന്നെ, ഊർജ്ജശ്രോതസ് അനന്തസാധ്യതകൾ, ടൂറിസം — ജില്ലയിലെ വികസന സാധ്യതകൾ, പുതുതലമുറ സാങ്കേതിക വിദ്യ സാധ്യതകൾ എന്നീ വിഷയങ്ങളിൽ വിവിധ വകുപ്പുകൾ സെമിനാറുകൾ നടത്തും. കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബർ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാർഷിക വകുപ്പ് എന്നിവരും വിവിധ വിഷയങ്ങളിൽ സെമിനാർ നടത്തും.
English Summrary:kuthiran model in ente keralam
You may also like this video