വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസികസംഘർഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്നും മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണിവിടെ.
ദുരന്തമേഖലകളിൽ പ്രവർത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂൾ, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കല്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ്, ചുണ്ടേൽ ആർസിഎൽപി സ്കൂൾ, കോട്ടനാട് യുപി സ്കൂൾ, കാപ്പംകൊല്ലി ആരോമ ഇൻ, അരപ്പറ്റ സിഎംഎസ്, റിപ്പൺ ഹയർസെക്കൻഡറി സ്കൂൾ, മേപ്പാടി എച്ച്എസ്, കല്പറ്റ എസ്ഡിഎംഎൽപി സ്കൂൾ, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്പറ്റ ഡീപോൾ, മേപ്പാടി ജിഎൽപിഎസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കുട്ടിയിടം പദ്ധതി ആരംഭിച്ചത്.
പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികൾക്കാവശ്യമായ കളറിങ് ബുക്കുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ലഭ്യമാക്കിയത്. മാജിക് ഷോ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികൾക്കായി ആർട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്.
English Summary: ‘Kuttiyidam’ to reduce children’s mental stress
You may also like this video